ന്യൂദല്‍ഹി : നേരത്തെ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ കര്‍ഷക സംഘടനകളുമായി ഇനി ചര്‍ച്ചയ്ക്കുള്ളൂവെന്ന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. റിപ്പബ്ലിക് ഡേ ദിനത്തില്‍ കര്‍ഷകര്‍ക്കെന്ന പേരില്‍ ഇടനിലക്കാന്‍ കലാപം അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ടയിലെ സംഘര്‍ഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയുള്ള നടപടികളും കര്‍ശ്ശനമാക്കിയിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു. തലസ്ഥാനത്ത് സംഘര്‍ഷമുണ്ടാക്കുന്നതിനായി വിദേശഫണ്ടിങ് ഉള്‍പ്പടെ നടന്നിട്ടുള്ളായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കടുപ്പിക്കാനാണ് ദല്‍ഹി പോലീസിന്റെ നീക്കം.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ദര്ശന് പാലിന് പോലീസ് നോട്ടീസും നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണം. ദര്ശന് പാലിന് എതിരെ നിയമ നടപടികള്‍ എടുക്കാതെയിരിക്കാന്‍ കാരണം എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കണം. ഇല്ലെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്ന് പോലീസ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നോട്ടീസ് കിട്ടിയ കാര്യം ദര്ശന് പാല് സ്ഥീകരിച്ചിട്ടില്ല.
കാര്‍ഷിക നിയമത്തിനെതിരെ എന്ന പേരില്‍ റിപ്പബ്ലിക് ദിനത്തില്‍ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ക്കെതിരെ ജനവികാരവും ഉടലെടുത്തിട്ടുണ്ട്. ദല്‍ഹിയിലുണ്ടായ അക്രമങ്ങളില്‍ കോടികളുടെ പൊതുമുതലാണ് നശിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. അതിനിടെ തിങ്കളാഴ്ച പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ഇടനിലക്കാര്‍ തീരുമാനിച്ചെങ്കിലും ജനവികാരം എതിരാണെന്ന വിലയിരുത്തലില്‍ നിലപാട് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: