റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ അരങ്ങേറിയ കലാപത്തോടെ കര്‍ഷക സമരമെന്ന പേരില്‍ കഴിഞ്ഞ ഒന്നരമാസമായി നടക്കുന്നത് ദേശദ്രോഹത്തില്‍ കുറഞ്ഞ യാതൊന്നുമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. രാഷ്‌ട്രം ഏറ്റവും അഭിമാനകരമായി കാണുന്ന, ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന ഒരു സുദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷക സമരാനുകൂലികള്‍ നടത്തിയ അക്രമപ്പേക്കൂത്തുകളെ അപലപിക്കാന്‍ വാക്കുകളില്ല. ഭാരതം എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ കരുത്തും ഗാംഭീര്യവും ആകാശത്തോളമുയര്‍ന്ന അഭിമാന നിമിഷങ്ങള്‍ക്കു തൊട്ടുപിന്നാലെ അതിന്റെ മുഴുവന്‍ ശോഭയും തല്ലിക്കെടുത്തുന്ന ദുഷ്‌കൃത്യമാണ് സമരാനുകൂലികള്‍ ചെയ്തത്. കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചും, പോലീസുകാരെ കൂട്ടത്തോടെ ആക്രമിച്ചും, സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രിമാര്‍ ജനതയെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയില്‍ അതിക്രമിച്ചു കടന്ന് ദേശീയ പതാകയെ അവഹേളിച്ചും അഴിഞ്ഞാടിയവര്‍ക്ക് രാഷ്‌ട്രത്തിന്റെ അന്തസ്സു കെടുത്തുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. ഈ പേക്കൂത്തുകള്‍ മുഴുവന്‍ പൊതുജനങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. ഒരുവിഭാഗം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിന് പൊതുസമൂഹത്തിന്റെ യാതൊരു പിന്തുണയും ലഭിക്കില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും, ട്രാക്ടര്‍ റാലിയില്‍ നുഴഞ്ഞുകയറിയ സാമൂഹ്യവിരുദ്ധരാണ് അത് നടത്തിയതെന്നും സമരനേതാക്കള്‍ പറയുന്നത് നട്ടാല്‍ കുരുക്കാത്ത നുണകളാണ്. യഥാര്‍ത്ഥത്തില്‍ ഈ അക്രമങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണ്. റിപ്പബ്ലിക് ദിനത്തില്‍ തന്നെ ട്രാക്ടര്‍ റാലി നടത്തണമെന്ന സമരക്കാരുടെ ആവശ്യം കണക്കിലെടുത്ത് പോലീസ് അത് അനുവദിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണിത്. കൃത്യമായ വ്യവസ്ഥകളോടെയാണ് ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയത്. ഈ വ്യവസ്ഥകളെല്ലാം സമരാനുകൂലികള്‍ ലംഘിച്ചു. സാമൂഹ്യവിരുദ്ധരാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന സമരനേതാക്കളുടെ വാദം അംഗീകരിക്കാനാവില്ല. രാജ്പഥിലെ റിപ്പബ്ലിക് ദിന പരിപാടികള്‍ അവസാനിച്ചതിനുശേഷം 12 മണിയോടെ ട്രാക്ടര്‍ റാലി തുടങ്ങാനായിരുന്നു അനുമതി. എന്നാല്‍ മൂന്നു മണിക്കൂര്‍ മുന്‍പേ ഇത് തുടങ്ങി. ഇത് ചെയ്തത് സാമൂഹ്യവിരുദ്ധരായിരുന്നോ? പ്രശ്‌നമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് സമര നേതാക്കള്‍ ഇങ്ങനെ ചെയ്തത്. റാലികള്‍ നിശ്ചിത റൂട്ടുകളിലൂടെ പോകണമെന്ന വ്യവസ്ഥ ബോധപൂര്‍വം ലംഘിച്ചത് സമരനേതാക്കള്‍ തന്നെയാണ്. റാലിയില്‍ പങ്കെടുക്കുന്നവരോട് ആയുധങ്ങളുമായി വരാന്‍ സമരനേതാവായ രാജേഷ് ടിക്കായത്തു തന്നെ ആഹ്വാനം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ടല്ലോ?
സംഘടിതവും ആസൂത്രിതവുമായ കലാപമാണ് ദല്‍ഹിയില്‍ അരങ്ങേറിയത്. രാകേഷ് ടിക്കായത്ത് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുതന്നെ ഇതിനു തെളിവാണ്. യോഗേന്ദ്ര യാദവിനെപ്പോലുള്ള അരാജകവാദികളാണ് കലാപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ക്രിമിനല്‍ ഗൂഢാലോചനയടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇവരുള്‍പ്പെടെ ഒന്‍പത് നേതാക്കള്‍ക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തു കഴിഞ്ഞു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മുഖ്യാതിഥിയായിരുന്ന കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം പൗരത്വ നിയമഭേദഗതിക്കെതിരെ ദല്‍ഹിയില്‍ കലാപം നടത്തി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ തനിയാവര്‍ത്തനമാണ് ഇക്കുറി നടന്നത്. പോലീസിന്റെ സംയമനം ഒന്നുകൊണ്ടുമാത്രമാണ് വലിയ അത്യാഹിതങ്ങള്‍ സംഭവിക്കാതെ പോയത്. വലിയൊരു കലാപം, അതിനെതിരായ പോലീസ് വെടിവെപ്പ്, വന്‍തോതിലുള്ള മരണം ഇതൊക്കെയാണ് സമരത്തിന് നേതൃത്വം നല്‍കിയവര്‍ പ്രതീക്ഷിച്ചത്. വലിയ കുറ്റമാണ് ഇവര്‍ ചെയ്തിട്ടുള്ളത്. കര്‍ഷക സമരത്തിന്റെ ഇനിയുള്ള ഗതി എന്തുതന്നെയായിരുന്നാലും ഈ നേതാക്കള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണം. രാഷ്‌ട്രം കരുത്തോടെ മുന്നോട്ടു പോകുമ്പോള്‍ ചില വൈദേശിക ശക്തികളുടെ താല്‍പ്പര്യത്തിന് അനുസൃതമായി അതിന് തുരങ്കം വയ്‌ക്കുന്നവര്‍ ആരായിരുന്നാലും അവരെ കാത്തിരിക്കുന്നത് ജയിലറകളായിരിക്കണം. ഇനിയൊരു റിപ്പബ്ലിക് ദിനത്തിലും ഇത്തരം രാജ്യദ്രോഹം അനുവദിക്കാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: