ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ റാലിക്കിടെ ട്രാക്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കര്‍ഷകന്‍ മരിച്ചതിനെക്കുറിച്ചും രക്ഷപെടുത്താന്‍ ദല്‍ഹി പൊലീസ് നടത്തിയ ശ്രമത്തെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ നല്‍കി ടൈംസ് നൗ മാധ്യമപ്രവര്‍ത്തക പദ്മജ ജോഷി. ടൈംസ് നൗവിന്റെ ന്യൂസ് അവറിലായിരുന്നു അവര്‍ ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ സ്ഥലത്തുണ്ടായിരുന്ന ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ അപകടത്തില്‍ പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ പ്രക്ഷോഭകര്‍ പൊലീസിനെ തടഞ്ഞുവെന്നും അവര്‍ പറയുന്നു. ടൈംസ് നൗവിന്റെ റിപ്പോര്‍ട്ടര്‍ സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നും സംഭവിച്ചതെല്ലാം ക്യാമറയില്‍ പകര്‍ത്തിയെന്നും പദ്മജ ജോഷി കൂട്ടിച്ചേര്‍ത്തു. അമിത വേഗത്തില്‍ ട്രാക്ടര്‍കൊണ്ട് വലിയൊരു പ്രകടനം നടത്താന്‍ ശ്രമിക്കുമ്പോഴായിരുന്നു കീഴ്‌മേല്‍ മറിഞ്ഞതെന്ന് റിപ്പോര്‍ട്ടര്‍ പറഞ്ഞതായി പദ്മജ ജോഷി വിശദീകരിച്ചു.
അപകടത്തിനു പിന്നാലെ പരിക്കേറ്റ കര്‍ഷകന്‍ രക്തംവാര്‍ന്ന് ബോധരഹിതനായി നിലത്തുവീണു. ഈ സമയം ട്രാക്ടറില്‍നിന്ന് ഇന്ധനം ചോരുന്നുണ്ടായിരുന്നു. തുടര്‍ന്ന് പരിക്കേറ്റയാളെ സംഭവസ്ഥലത്തുനിന്ന് പൊലീസ് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇവിടെയുണ്ടായിരുന്ന പ്രക്ഷോഭകര്‍ അനുവദിച്ചില്ല. ഇതൊരു അസുഖകരമായ യാഥാര്‍ഥ്യമാണ്. പക്ഷേ അതാണ് സത്യമെന്നും പദ്മജ ജോഷി പറഞ്ഞു.
എന്നാല്‍ പൊലീസ് വെടിവയ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്ന ആരോപണം അപകടം നടന്നയുടനെ സമരക്കാർ ഉന്നയിച്ചിരുന്നു. കര്‍ഷകര്‍ പൊലീസുമായി ഏറ്റുമുട്ടിയ സെന്‍ട്രല്‍ ദല്‍ഹിയിലെ ഐടിഒയിലാണ് ഉത്തരാഖണ്ഡ് സ്വദേശിയായ നവനീത്(45) അപകടത്തിൽപെട്ട് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: