കൊല്ലം: കൊറിയര്‍ സര്‍വീസ് വഴി ജില്ലയില്‍ വന്‍ തോതില്‍ മയക്കു മരുന്ന് എത്തുന്നു. ബാംഗ്ലൂര്‍, ആന്ധ്രാ, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് മയക്കു മരുന്നുകള്‍ ജില്ലയില്‍ എത്തുന്നതായി എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. ഇതിന് മുന്‍പ് ട്രെയിന്‍ മാര്‍ഗവും ബസ് മാര്‍ഗവും ആളുകള്‍ നേരിട്ട് എത്തിക്കുന്ന കഞ്ചാവ് ഉള്‍പ്പെടുന്ന ലഹരി മരുന്നുകളാണ് കൊറിയര്‍ സര്‍വീസുകള്‍ വഴി ഇപ്പോള്‍ എത്തുന്നത്.
വിപണിയില്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന ഇവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്. പെട്ടെന്ന് പിടി വീഴില്ല എന്നതുകൊണ്ടാണ് ലഹരി കടത്തുക്കാര്‍ ഈ പുതിയ വഴി സ്വീകരിച്ചിരിക്കുന്നതെന്നാണ് എക്സൈസ് കണ്ടെത്തല്‍. കൂടുതലും വിദ്യാര്‍ത്ഥികളാണ് ലഹരിക്ക് അടിമകള്‍. കഴിഞ്ഞ വര്‍ഷം നാന്നൂറിന് അടുത്ത് കേസുകള്‍ ജില്ലയില്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു രജിസ്റ്റര്‍ ചെയ്തു.
രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ തൊണ്ണൂറ് ശതമാനം കേസുകളും ശിക്ഷിക്കുന്നുണ്ട്. എന്നാലും ദിനം പ്രതി കഞ്ചാവും മറ്റുലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ബോധവത്ക്കരണ ക്ലാസുകളും മറ്റും നടക്കുന്നുണ്ടെങ്കിലും ലഹരി ഉപയോഗം വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ കൂടുന്നുവെന്ന് കേസില്‍ ഉള്‍പ്പെടുന്നവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
സ്റ്റാമ്പ് തരത്തില്‍ ഉള്ള ലഹരി വസ്തുക്കള്‍ ആണ് ഇപ്പോള്‍ ധാരാളമായി കാണാന്‍ സാധിക്കുന്നത്. ഇവ എളുപ്പത്തില്‍ നശിപ്പിക്കാന്‍ കഴിയും എന്നതിനാല്‍ ഇവരെ പിടികൂടാന്‍ സാധിക്കുന്നില്ലെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം ജില്ലയില്‍ ശകതമായ പരിശോധനകള്‍ നടക്കുന്നുവെന്നും നടപടികള്‍ ഉണ്ടാകുമെന്നും എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: