കണ്ണൂര്‍: ആറളം ഇക്കോ-ടൂറിസം പാക്കേജിന്റെ പേരില്‍ ചീങ്കണ്ണിപ്പുഴയെ വാണിജ്യവല്‍ക്കരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പുഴയോര ജനസംരക്ഷണ സമിതി രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഏറെ കൊട്ടിഘോഷിച്ച് ആറളം ഇക്കോ-ടൂറിസം പാക്കേജ് പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നടത്തിയത്. മീന്മുട്ടി വെളളച്ചാട്ടം സന്ദര്‍ശനം, പുഴയോര നടത്തം, അരുവികളിലൂടെയുളള ബാംബു റാഫ്റ്റിംഗ്, പോത്തന്‍പാവ് വാച്ച്ടവര്‍ സന്ദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുളളതാണ് ആറളം ഇക്കോ-ടൂറിസം പാക്കേജ്.
ചീങ്കണ്ണി പുഴ വിനോദ സഞ്ചാരികളുടെ സഞ്ചാര പാതയാക്കാനുള്ള വനംവകുപ്പിന്റെ നീക്കം അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് ആറളം മേഖലയിലെ വനവാസികളും മറ്റ് നാട്ടുകാരും പരിസ്ഥി പ്രവര്‍ത്തകരും. കേളകം പഞ്ചായത്തില്‍ പെടുന്ന നൂറു കണക്കിന് ആളുകളുടെ പ്രാധാന കുടിവെള്ള സ്രോതസാണ് ചീങ്കണ്ണിപ്പുഴ. അതോടൊപ്പം ആദിവാസി സ്ത്രീകളും , കുട്ടികളും ഉള്‍പ്പെടെ നൂറു കണക്കിന് സ്ത്രീകളും പുരുഷന്മാരും കുളിക്കുന്നതും ഈ പുഴയിലാണ്. ഇവരുടെ സ്വകാര്യത തകര്‍ക്കുന്ന തരത്തില്‍ ടൂറിസ്റ്റുകളെയും കൊണ്ട് പുഴയിലൂടെ നടത്താം എന്ന വനം വകുപ്പിന്റെ ടൂറിസ്റ്റ് പായ്ക്കേജ് ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നീക്കത്തെ ശക്തമായി എതിര്‍യ്ക്കുമെന്ന് പുഴയോര ജനസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പുഴ വനം വകുപ്പിന്റേതാണ് എന്ന തരത്തില്‍ അധികാരം സ്ഥാപിക്കുന്നതിനായാണ് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. പുഴ പഞ്ചായത്തിന്റെ അധീനതയിലാണെന്നിരിക്കെ പഞ്ചായത്തിന്റെ യാതൊരു അനുമതിയുമില്ലാതെയാണ് ഈ പുതിയ ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
പ്രകൃതി സൗന്ദര്യത്തെയും ജീവജാലങ്ങളുടേയും സസ്യലതാദികളുടേയും ആവാസ വ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ടാവരുത് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്നും പ്രകൃതിയുടെ തല്‍ സ്ഥിതിക്കും വനവാസികളുടെ സൈ്വര്യ ജീവിതത്തിനും തടസ്സമുണ്ടാക്കുന്ന നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നാണ് വനം-പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. ചീങ്കണിപുഴയെ ആശ്രയിക്കുന്നവരുടെ ആശങ്കയകറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: