ന്യൂഡല്‍ഹി: ട്രാക്ടര്‍ റാലിക്കിടെ ഒരാള്‍ മരിച്ചത് വെടിവയ്പിലാണെന്ന കര്‍ഷകരുടെ ആരോപണം തള്ളി ഡല്‍ഹി പൊലീസ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒ ജംഗ്ഷനിലാണ് ഇന്ന് ഒരു കര്ഷകന് മരിച്ചത്. ദീന് ദയാല്‍ ഉപാധ്യായ മാര്ഗിന് സമീപമുള്ള സംഭവ സ്ഥലത്തുണ്ടായിരുന്ന കര്‍ഷകരാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തുവന്നത്.അതേസമയം, ഇതു ശരിയല്ലെന്നും നിയന്ത്രണം വിട്ട ട്രാക്ടര്‍ മറിഞ്ഞുണ്ടായ അപകടത്തിലാണ് ഇയാള്‍ മരിച്ചതെന്നും പൊലീസ് വിശദീകരിച്ചു.
അതിനിടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ ഒടിച്ചുകയറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ട്രാക്ടര്‍ റാലിക്ക് പിന്നാലെ വലിയ അക്രമങ്ങളാണ് ഇന്ന് ദേശീയ തലസ്ഥാനത്തുടനീളം അരങ്ങേറിയത്. ചൊവ്വാഴ്ച പൊലീസുമായി കര്‍ഷകരുണ്ടാക്കിയ ധാരണ മറിടകടന്നായിരുന്നു അക്രമം. രാജ്പഥിലെ പരേഡിന് ശേഷമായിരുന്നു കര്‍ഷകരുടെ റാലിക്ക് അനുമതിയുണ്ടായിരുന്നത്.
എന്നാല്‍ പരേഡ് തുടങ്ങുന്നതിന് മുന്‍പ് രാവിലെ എട്ടിന് തന്നെ കര്‍ഷകര്‍ അതിര്‍ത്തിയില്‍ തടിച്ചുകൂടി. കര്‍ഷകരെ തടയാനുള്ള ശ്രമത്തിനിടെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുപറ്റി. തുടര്‍ന്ന് പൊലീസ് തീര്‍ത്ത ബാരിക്കേഡുകള്‍ മറികടന്നാണ് കര്‍ഷകര്‍ നഗരത്തിലേക്ക് പ്രവേശിച്ചത്. പലയിടത്തും കര്‍ഷകര്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: