ലക്നൗ: അയോധ്യയില്‍ മുസ്ലിം പള്ളിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തി വൃക്ഷത്തൈകള്‍ നട്ടാണ് നിര്‍മാണത്തിന് ഒദ്യോഗികമായി തുടക്കം കുറിച്ചത്. 2019-ലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് പള്ളിയുടെ നിര്‍മാണം. അയോധ്യയിലെ ധാനിപൂര്‍ ഗ്രാമത്തില്‍ സര്‍ക്കാര്‍ അനുവദിച്ച അഞ്ചേക്കര്‍ സ്ഥലത്ത് ഇന്‍ഡോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്(ഐഐസിഎഫ്) ട്രസ്റ്റ് ആണ് മോസ്ക് പണിയുന്നത്.
ഐഐസിഎഫിലെ 12 അംഗങ്ങള്‍ ചൊവ്വാഴ്ച രാവിലെ 8.15ന് തന്നെ പള്ളി പണിയുന്ന സ്ഥലത്ത് ഒത്തുകൂടി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയാണിത്. തുടര്‍ന്ന് ട്രസ്റ്റിന്റെ തലവന്‍ സഫര്‍ അഹമ്മദ് ഫറൂഖി എട്ടേമുക്കാലോടെ ദേശീയ പതാക ഉയര്‍ത്തി. പിന്നാലെ ട്രസ്റ്റിലെ അംഗങ്ങള്‍ വൃക്ഷത്തൈ നട്ടതോടെയാണ് പണികള്‍ക്ക് തുടക്കമായത്.
‘സ്ഥലത്തെ മണ്ണ് പരിശോധനയുടെ ജോലികള്‍ ഞങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പള്ളിയുടെ നിര്‍മാണത്തിനായുള്ള സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് പറയാം. മണ്ണുപരിശോധനാഫലവും പള്ളിയുടെ രൂപരേഖയ്ക്ക് അംഗീകാരവും ലഭിച്ചാല്‍ പണി തുടങ്ങും. പള്ളി പണിയനുള്ള സംഭാവനയ്ക്കായി അഭ്യര്‍ഥിച്ചിട്ടുണ്ട്. ആളുകള്‍ ഇത് നല്‍കിത്തുടങ്ങി’-ഫറൂഖി എന്‍ഡിടിവിയോട് പറഞ്ഞു.
കഴിഞ്ഞമാസം ഐഐസിഎഫ് പള്ളിയുടെ രൂപരേഖ പുറത്തുവിട്ടിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പള്ളിക്കൊപ്പം ആശുപത്രിയുമുണ്ടാകും. രണ്ടാം ഘട്ടത്തില്‍ ആശുപത്രി വിപുലീകരിക്കാന്‍ ട്രസ്റ്റിന് ആലോചനയുണ്ട്. ആശുപത്രി കെട്ടിടത്തിനുള്ളില്‍ ദിവസവും 1,000 പേര്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന സമൂഹ അടുക്കളയുമുണ്ടാകുമെന്ന് ട്രസ്റ്റ് സെക്രട്ടറി അതാര് ഹുസൈന് പറഞ്ഞു. പള്ളിയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: