ന്യൂദല്‍ഹി: അമേരിക്കന്‍ വാക്സിന് നിര്‍മാതാക്കളായ മൊഡേണ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന് ഇന്ത്യയിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ടാറ്റാ ഗ്രൂപ്പാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്സ് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചുമായി (സിഎസ്ഐആര്‍) സഹകരിച്ചായിരിക്കും വാക്സിന്റെ ഇന്ത്യയിലെ ക്ലിനിക്കല്‍ പരീക്ഷണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയും യൂറോപ്പും മൊഡേണ വാക്സിന് നേരത്തെ അനുമതി നല്‍കിയിരുന്നു. വാക്സിന് ഇന്ത്യയിലെത്തിക്കാന്‍ ടാറ്റ ഗ്രൂപ്പ് അമേരിക്കന്‍ മരുന്ന് കമ്പനിയായ മൊഡേണയുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മൊഡേണയും ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്സും ഇതുവരെ പ്രതികരിച്ചിട്ടില്ല.
-70 ഡിഗ്രി താപനിലയില്‍ താഴെ സൂക്ഷിക്കേണ്ട ഫൈസര്‍ വാക്സിനില്‍ നിന്ന് വ്യത്യസ്തമായി സാധാരണ റഫ്രിജറേറ്റര്‍ താപനിലയിലും മൊഡേണ വാക്സിന് സൂക്ഷിക്കാം. അതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതും ശീതീകരണ ശൃംഖലകള്‍ പരിമിതവുമായ രാജ്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം മൊഡേണ വാക്സിനാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനി ഏറ്റവും ഒടുവില്‍ പുറത്തുവിട്ട പഠനങ്ങളിലെ കണക്കുകള്‍ പ്രകാരം വാക്സിന് 94.1 ശതമാനം ഫലപ്രദമാണ്. ഗുരുതമായ യാതൊരു സുരക്ഷാ ആശങ്കകളും വാക്സിനില്ലെന്നാണ് അവകാശവാദം. അതേസമയം, വാക്സിന് ഇന്ത്യയില്‍ അനുമതി ലഭിക്കണമെങ്കില്‍ പ്രാദേശിക തലത്തില്‍കൂടി പഠനം നടത്തണം. നിലവില്‍ കൊവാക്സിന്, കൊവിഷീല്‍ഡ് എന്നീ രണ്ട് വാക്സിനുകളുടെ ഉപയോഗത്തിനാണ് ഇന്ത്യ അനുമതി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: