കാലം കാത്തിരുന്ന ഭരണ നേതൃത്വത്തിന് കീഴില്‍ കൈവരിച്ച അതിമഹത്തായ നേട്ടങ്ങളുടെ അകമ്പടിയോടെ അവസരങ്ങളും വെല്ലുവിളികളും ഒന്നുപോലെ അണിനിരക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിലാണ് ഭാരതം എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി സവിശേഷതകളാണ് ഇന്ദ്രപ്രസ്ഥത്തിലെ റിപ്പബ്ലിക് ദിനാഘോഷത്തിന് ഇക്കുറിയുള്ളത്. കൊറോണ മഹാമാരി മാറ്റിമറിച്ച അന്തരീക്ഷം രാജ്പഥില്‍ ഇന്ന് നടക്കുന്ന പരേഡില്‍ പ്രതിഫലിക്കും. വിദേശ അതിഥിയില്ലെന്നതാണ് അതിലൊന്ന്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പങ്കെടുക്കാമെന്ന് സമ്മതിച്ചതാണെങ്കിലും കൊവിഡ് മഹാമാരിയുടെ പുതിയ തരംഗം സന്ദര്‍ശനം മുടക്കുകയായിരുന്നു. ഇത് നാലാം തവണയാണ് വിദേശ അതിഥികളില്ലാതെ റിപ്പബ്ലിക് ദിനാഘോഷം നടക്കുന്നത്. രാജ്പഥിലെ പരേഡിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയും, തോളോടുതോള്‍ ചേര്‍ന്ന് അണിനിരക്കാറുള്ള എന്‍എസ്ജി കമാന്റോകള്‍ തമ്മിലുള്ള അകലം കൊവിഡ് കണക്കിലെടുത്ത് ഒന്നരയടി ആക്കുകയും ചെയ്തിരിക്കുന്നു. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കാണികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും എണ്ണം കുറച്ചിട്ടുണ്ട്. ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പാക്കിസ്ഥാനെതിരെ ഭാരതം നേടിയ വിജയത്തെ അനുസ്മരിച്ച് ബംഗ്ലാദേശ് സായുധ സേനാംഗങ്ങള്‍ ഇത് ആദ്യമായി പരേഡിന്റെ ഭാഗമാകും. ഭാരതം നേടിയ പ്രതിരോധശേഷിയുടെ പ്രതീകമായ റഫാല്‍ യുദ്ധവിമാനങ്ങള്‍ ആദ്യമായി പരേഡിന്റെ ഭാഗമാകുമെന്നതാണ് അഭിമാനകരമായ മറ്റൊരു സവിശേഷത. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് ശത്രുസൈന്യങ്ങളുടെ പേടി സ്വപ്നമായ ഈ യുദ്ധവിമാനങ്ങളെ സായുധസേനയുടെ ഭാഗമാക്കിയത്.
കൊവിഡ് മഹാമാരിയുടെ ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ദേശീയ പതാകപോലെ വര്ണമനോഹരമായിരിക്കും ഇത്തവണത്തെയും റിപ്പബ്ലിക് ദിനാഘോഷങ്ങള്‍. ഭാരതം അതിന്റെ സൈനികമായ കരുത്തും സാംസ്കാരികമായ പ്രഭാവവും പതിന്മടങ്ങ് വര്‍ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. സാമ്രാജ്യത്വ മോഹം പുലര്‍ത്തുന്ന ചൈന അതിര്‍ത്തിയില്‍ നടത്തുന്ന കടന്നുകയറ്റങ്ങള്‍ക്ക് നമ്മുടെ സൈന്യം അതേ നാണയത്തില്‍ തിരിച്ചടി നല്കിക്കൊണ്ടിരിക്കുകയാണ്. വുഹാന്‍ വൈറസ് എന്ന അപരനാമമുള്ള കൊവിഡ് വൈറസ് മാനവരാശിക്കുമേല്‍ അടിച്ചേല്‍പ്പിച്ചതിനു പിന്നാലെ ഭാരതത്തിനുമേല്‍ ആധിപത്യം നേടാന്‍ ആ രാജ്യം നടത്തിയ എല്ലാ ശ്രമങ്ങളെയും നമ്മുടെ രാഷ്ട്രം ചിതറിച്ചു കളഞ്ഞിരിക്കുന്നു. എന്നുമാത്രമല്ല, ചൈനയ്ക്ക് മേല്‍കൈ ഉണ്ടായിരുന്ന പല സാമ്പത്തിക-വാണിജ്യ മേഖലകളിലും ഭാരതം സ്വയംപര്യാപ്തത നേടുകയാണ്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിലും, വാക്സിന് കണ്ടുപിടിക്കുന്നതിലും ഭാരതം ബഹുദൂരം മുന്നിലാണ്. ചൈന വികസിപ്പിച്ചെടുത്ത വാക്സിനല്ല, ഭാരതത്തിന്റേതാണ് പല രാജ്യങ്ങള്‍ക്കും ആവശ്യം. ഇത് ആ രാജ്യത്തെ വല്ലാതെ അമര്‍ഷം കൊള്ളിച്ചിരിക്കുന്നു. സ്വന്തം ജനതയ്ക്ക് ഭക്ഷണം കൊടുക്കാന്‍ മാത്രം കഴിഞ്ഞിരുന്ന ഭാരതം ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ്. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് ആരും വിചാരിച്ചിരുന്നതല്ല. ലോകത്താകെ ഇരുപത് ലക്ഷത്തോളം പേരുടെ ജീവനെടുത്ത കൊവിഡ് മഹാമാരിയില്‍ ആഗോള സമ്പദ്വ്യവസ്ഥ സ്തംഭിച്ചു പോയപ്പോള്‍ ഭാരതം മുന്നോട്ടുതന്നെ കുതിക്കുന്നു. ആത്മനിര്‍ഭര്‍ ഭാരതിന്റെ അന്യാദൃശമായ വൈഭവങ്ങള് ലോകം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ.
ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന ഭാരതം എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്ക് എന്ന വാക്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നെങ്കിലും അതിന്റെ അര്‍ത്ഥവ്യാപ്തി ശരാശരി പൗരന് അനുഭവവേദ്യമാകുന്നത് ഇപ്പോഴാണ്. നാല് നൂറ്റാണ്ടുകാലം ഭാരതീയ മനസ്സിനെ വേദനിപ്പിച്ചിരുന്ന രാമജന്മഭൂമിയിലെ അനീതി പരിഹരിച്ച് ഭവ്യമായ രാമക്ഷേത്രം അവിടെ ഉയര്‍ന്നുവരുന്നു. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഉത്തര്‍ പ്രദേശിന്റേതായി രാമക്ഷേത്രത്തിന്റെ നിശ്ചലദൃശ്യം സ്ഥാനംപിടിക്കും. എതിര്‍പ്പുകളെ അവഗണിച്ച് പൗരത്വനിയമ ഭേദഗതി നടപ്പാക്കിയ രാഷ്ട്രം പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിലേക്ക് പ്രവേശിക്കുകയാണ്. കോണ്‍ഗ്രസ്സ് ഭരണം പാക്കിസ്ഥാന് തീറെഴുതിക്കൊടുത്തിരുന്ന കശ്മീരിലെ ഭീകരവാദത്തെ അടിച്ചമര്‍ത്തിയെന്നു മാത്രമല്ല, അവിടുത്തെ ജനങ്ങളെ ജനാധിപത്യത്തിന്റെ പാതയില്‍ അണിനിരത്താനും മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികളെ ആയുധം താഴെവച്ച് ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ്. ഭാരതം അടിക്കടി കരുത്താര്‍ജിക്കുമ്പോഴും പുതിയ പുതിയ വെല്ലുവിളികളെയാണ് നേരിടേണ്ടിവരുന്നത്. പക്ഷേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആറ് വര്‍ഷത്തെ ഭരണം രാഷ്ട്രത്തിനു നല്‍കിയിട്ടുള്ള കരുത്തും, രാജ്യസ്നേഹികളില്‍ നിറച്ചിട്ടുള്ള ആത്മവിശ്വാസവും കുറച്ചൊന്നുമല്ല. വെല്ലുവിളികളെ അവസരങ്ങളാക്കി വിജയത്തിലേക്ക് മുന്നേറാനുള്ള ദൃഢപ്രതിജ്ഞയോടെ ഈ റിപ്പബ്ലിക് ദിനാഘോഷത്തിലും നമുക്ക് പങ്കുചേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: