കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ജീവനാഡിയായി വിവിധ ചുമതലകള്‍ വഹിച്ച് അതിനെ നയിച്ച പ്രാതസ്മരണീയരായ പി. കേരള വര്‍മ രാജാ, വി.എം.കൊറാത്ത്, മാധവജി, പി. രാമചന്ദ്രന്‍ തുടങ്ങിയ മഹാരഥന്മാരോടൊപ്പം അവിസ്മരണീയനായ പി.എന്‍. ഗോപാലകൃഷ്ണന്‍ കഴിഞ്ഞയാഴ്ച അന്തരിച്ച വിവരം അറിഞ്ഞപ്പോള്‍ ആറുപതിറ്റാണ്ടുകളുടെ ഓര്‍മകള്‍ മിന്നിമറഞ്ഞു. ഏതാനും നാളുകളായി അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അവശനായിരുന്നതിനാല്‍ സജീവമായി രംഗത്തുണ്ടായിരുന്നില്ല. പകരംവയ്‌ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. കഴിഞ്ഞ ഒരാഴ്ചയായി പല്ലിന്റെയും മൂത്രാശയത്തിന്റെയും അസുഖങ്ങള്‍ മൂലം ഏതാണ്ട് ഒരസ്‌കിത എനിക്കുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ ഏറ്റുമാനൂരിലുള്ള വസതിയില്‍ ചെന്ന് മറ്റനേകം സഹപ്രവര്‍ത്തകരോടൊപ്പം സംവേദനം അര്‍പ്പിക്കാന്‍ സാധിച്ചില്ല.
ആറു പതിറ്റാണ്ടുകളിലേറെക്കാലമായ അടുപ്പം ഞങ്ങള്‍ക്കുണ്ട്. ഞാന്‍ തലശ്ശേരിയില്‍ പ്രചാരകനായിരുന്ന 1960 കളുടെ ആരംഭത്തില്‍ ഇടയ്‌ക്ക് നാട്ടില്‍ വരുന്ന വേളയില്‍ തൊടുപുഴയില്‍ പ്രചാരകനില്ലായിരുന്നു. എസ്. സേതുമാധവന്‍ ഇവിടത്തെ ശാഖകള്‍ക്ക് ചൈതന്യവും ഊര്‍ജസ്വലതയും പകര്‍ന്ന് കരുത്തു നല്‍കിയശേഷം വാഴൂര്‍ ഭാഗത്തേക്ക് പോയിരുന്നു. വേണ്ടത്ര പ്രചോദനം നല്‍കാന്‍ ഇരുത്തം വന്ന മുതിര്‍ന്ന പ്രവര്‍ത്തകര്‍ ഇല്ലാതിരുന്നതിനാല്‍ ശാഖകള്‍ ദുര്‍ബ്ബലങ്ങളായി. ആ ഘട്ടത്തില്‍ എന്‍എസ്എസിന്റെ മുന്‍കയ്യില്‍ പ്രവര്‍ത്തിച്ചു വന്ന കേരളാ സര്‍വീസ് ബാങ്കിന്റെ ഒരു ശാഖ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവിടെ കീഴ്ജീവനക്കാരനായിട്ടാണ് പി.എന്‍. ഗോപാലകൃഷ്ണന്‍ തൊടുപുഴയില്‍ എത്തിയത്. ഞാന്‍ പരിചയപ്പെടുന്നത് അക്കാലത്തൊരിക്കല്‍ നാട്ടിലെത്തിയപ്പോഴായിരുന്നു. പില്‍ക്കാലത്ത് പ്രചാരകനായ കെ.എസ്. സോമനാഥന്‍, അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സുഗുണന്‍, അവരുടെ അനുജന്മാര്‍ തുടങ്ങി ധാരാളം ബാല സ്വയംസേവകരെ സംഘത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ പി.എന്‍.ജി പ്രധാന പങ്കുവഹിച്ചു.
ഹിന്ദി പഠനം അതീവ ആവശ്യമായി കരുതപ്പെട്ടിരുന്ന അക്കാലത്ത് അദ്ദേഹം ഹിന്ദിയിലെ പരീക്ഷ പാസ്സായിരുന്നു. രാഷ്‌ട്ര ഭാഷാ വിശാരദ് എന്നാണെന്റെ ഓര്‍മ. കേരള സര്‍വീസ് ബാങ്ക് ഒരു ചെറുകിട ബാങ്ക് ആയിരുന്നു. അതിനെ ഷെഡ്യൂള്‍ഡ് ബാങ്കാക്കി ഉയര്‍ത്താന്‍ അതിന്റെ നായക സമിതി ശ്രമിച്ചുവന്നു. പക്ഷേ ഒട്ടേറെ കേരള കേന്ദ്രിത ബാങ്കുകള്‍ തകര്‍ച്ചയിലാണെന്നു വന്നപ്പോള്‍ അവയെ വലിയ ബാങ്കുകളില്‍ ലയിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് നടപടികളെടുത്തു. അതില്‍ പിഎന്‍ജിയുടെ ബാങ്കും പെട്ടു. അദ്ദേഹം അതിനുശേഷം കോട്ടയത്തേക്ക് മാറ്റപ്പെട്ടു. ആ സമയത്ത് എ.വി. ഭാസ്‌കര്‍ജിയായിരുന്നു കോട്ടയത്തെ ജില്ലാ പ്രചാരകന്‍. ഭാസ്‌കര്‍ജിയുടെ സവിശേഷമായ സാമര്‍ത്ഥ്യം ഗോപാലകൃഷ്ണന്റെ ഭാവി രൂപപ്പെടുന്നതില്‍ പ്രയോജനപ്പെട്ടു. 1962-64 കാലഘട്ടത്തില്‍ കോട്ടയം ശാഖയുടെ കുതിപ്പിന് ഭാസ്‌കര്‍ജിയുടെ നേതൃത്വത്തില്‍ ഗോപാലകൃഷ്ണന്‍ ഗണ്യമായ പങ്കുവഹിച്ചു. തിരുനക്കര ക്ഷേത്രത്തിനു മുന്നിലെ ഗ്യാലറി പോലത്തെ പടികള്‍ കോട്ടയത്തെ വിവിധതരം ആളുകളുടെ സമാഗമ വേദിയായിരുന്നു. ശാഖാ സമയം കഴിഞ്ഞ് സ്വയംസേവകര്‍ അവിടെ സമ്മേളിച്ച് ആശയവിനിമയം നടത്തി മടങ്ങിപ്പോകുകയായിരുന്നു പതിവ്. ആ സമാഗമങ്ങള്‍ കോട്ടയത്തെ മാത്രമല്ല സമീപ ഗ്രാമപ്രദേശങ്ങളിലെയും സ്വയംസേവകരുടെ നിത്യസംഗമ വേദിയായിരുന്നു.
ഞാന്‍ കോട്ടയത്ത് ജില്ലാ പ്രചാരകനായിരുന്ന 1964 കാലമായപ്പോഴേക്ക് ഗോപാലകൃഷ്ണന് ജോലിത്തിരക്കുമൂലം സജീവ ചുമതല വഹിക്കാന്‍ കഴിഞ്ഞിരുന്നില്ല. ജോലിക്കയറ്റം കിട്ടിയപ്പോള്‍ അദ്ദേഹത്തെ അകലങ്ങളിലേക്ക് അധികൃതര്‍ സ്ഥലം മാറ്റി. അങ്ങനെ മാനന്തവാടിയില്‍ ജോലി ചെയ്യുന്ന കാലത്ത് 70 കളുടെ ആദ്യങ്ങളില്‍ അദ്ദേഹത്തെ വീണ്ടും കാണാന്‍ അവസരമുണ്ടായി. ഇന്ദിരാഗാന്ധി ബാങ്കു ദേശസാല്‍കരണം നടപ്പാക്കിയപ്പോള്‍ പുതിയ സ്ഥലങ്ങളില്‍ ശാഖകള്‍ ആരംഭിക്കാന്‍ ബാങ്കുകാര്‍ ഉത്സാഹിച്ചു. ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശിയായിരിക്കെ കെ.ജി.മാരാരുമൊത്ത് മാനന്തവാടിയിലെ ഒരു പരിപാടിക്ക് പോയപ്പോള്‍ തെക്കുനിന്ന് ചില സംഘ പ്രവര്‍ത്തകര്‍ ബാങ്കുകളില്‍ ജോലിക്കായി എത്തിയ വിവരം അറിഞ്ഞു. അന്നത്തെ കാര്യവ്യഗ്രതമൂലം അവരെ കാണാന്‍ അവസരമുണ്ടായില്ല. അധികം വൈകാതെ ആ മുഖ്യ ഉദ്ദേശ്യം വച്ച് മാനന്തവാടിയില്‍ പരിപാടി ആസൂത്രണം ചെയ്യുകയും, അവരെ കാണുകയും ചെയ്തു. കാത്തലിക്ക് സിറിയന്‍ ബാങ്ക് ജീവനക്കാരനായ പി.കെ. നാരായണപിള്ളയും ഗോപാലകൃഷ്ണനുമടക്കം രണ്ടുനാലു പേര്‍ അവിടെ മാനന്തവാടി പുഴയോരത്തു ഒരു വീട് വാടകയ്‌ക്കെടുത്തു താമസമാക്കിയിരുന്നു. അവരുടെ സാന്നിധ്യം അവിടത്തെ ശാഖാ പ്രവര്‍ത്തനത്തിന് നല്ല ഊര്‍ജം പകര്‍ന്നിരുന്നു. അവരോടൊപ്പം മാനന്തവാടി പുഴയിലെ കുളിയും താമസവും കഴിഞ്ഞാണ് മടങ്ങിയത്.
അതേ കാലത്തുതന്നെയാണ് തെക്കെ വയനാട്ടിലെ, ടിപ്പുസുല്‍ത്താന്‍ തകര്‍ത്ത, ഗണപതിവട്ടം മഹാഗണപതിക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് അവിടത്തെ ഹിന്ദുക്കള്‍ ശ്രീഗുരുവരാനന്ദസ്വാമികളുടെ മാര്‍ഗദര്‍ശനത്തില്‍ പരിശ്രമമാരംഭിച്ചത്. ആ പരിശ്രമം അങ്ങാടിപ്പുറം തളി ക്ഷേത്ര പുനരുദ്ധാരണത്തിനും, തുടര്‍ന്ന് മലബാര്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ രൂപീകരണത്തിനും മാര്‍ഗദര്‍ശകമായി എന്ന് വി.എം. കൊറാത്ത് ആത്മകഥയായ ‘ഓര്‍മയുടെ നിലാവില്‍’ വിവരിക്കുന്നുണ്ട്. അതിനു മുന്‍കയ്യെടുത്ത കേളപ്പജിക്ക് സംഘവുമായി അടുത്ത ബന്ധം വളര്‍ത്താന്‍ ആ കാര്യങ്ങള്‍ സഹായിച്ചു. അതിന് സംഘത്തിന്റെ സജീവമായ സഹകരണവുമുണ്ടായി. അതിന് വേണ്ടത്ര ഉപദേശം നല്‍കാന്‍ മാധവജിയെയാണ് സംഘാധികൃതര്‍ കണ്ടത്. അദ്ദേഹമാകട്ടെ പി.
രാമചന്ദ്രനെ സമിതിയുടെ സംഘാടകനായി നിര്‍ദ്ദേശിച്ചു. രാമചന്ദ്രന്‍ കോട്ടയം ജില്ലാ പ്രചാരകനായിരുന്നു. അപ്പോഴേക്കും അടിയന്തരാവസ്ഥ നിലവില്‍ വരികയും, മതപ്രഭാഷണങ്ങള്‍ വഴി പ്രബോധനം ആരംഭിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയ്‌ക്കുശേഷം മലബാര്‍ ക്ഷേത്രസംരക്ഷണ സമിതിയെ കേരളവ്യാപകമാക്കിത്തീര്‍ക്കാന്‍ നടപടികളെടുക്കുകയുമായിരുന്നു. അതിന്റെ പ്രവര്‍ത്തനത്തിന് അനുയോജ്യരായ പ്രവര്‍ത്തകരെ കണ്ടെത്താനുള്ള മാധവജിയുടെയും രാമചന്ദ്രന്റെയും അന്വേഷണത്തിലാണ് പി.
എന്‍. ഗോപാലകൃഷ്ണന്റെ ഉൗഴം വന്നത്. അവര്‍ക്ക് വേണ്ടതായ അറിവും അനുഭവവും വളര്‍ത്തിയെടുക്കാന്‍ അവര്‍ നാടുനീളെ പഠനശിബിരങ്ങള്‍ ആരംഭിച്ചു. ഗോപാലകൃഷ്ണന്‍ വലിപ്പച്ചെറുപ്പഭേദമില്ലാതെ എല്ലാ വിഭാഗക്കാരുടെയും സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റി. കേരളത്തിലെങ്ങും അന്തിത്തിരി കത്തിക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങളില്‍ ഇന്ന് ദീപക്കാഴ്ചകളും ഉത്‌സവങ്ങളും നടന്നുവരുന്നു. നിരീശ്വരവാദികളുടെയും അന്യമതസ്ഥരുടെയും കുത്‌സിതപ്രയത്‌നങ്ങളെ മറികടന്ന് ദശകങ്ങളോളം പ്രയത്‌നിച്ച് ഹിന്ദുജനതയ്‌ക്ക് ആത്മവിശ്വാസവും പരിജ്ഞാനവും വളര്‍ത്തിയ പരിപാടികളുമായി മുന്നേറ്റത്തിന് നേതൃത്വം നല്‍കിയവരില്‍ ഗോപാലകൃഷ്ണന്‍ മുന്‍നിരയിലുണ്ടായിരുന്നു. സമിതിയുടെ സമുന്നത മാര്‍ഗദര്‍ശിമാരായിരുന്ന പി. കേരളവര്‍മരാജാ, എം.പി. ഗോപാലകൃഷ്ണന്‍, മാധവജി, പി.ഇ.ബി. മേനോന്‍ തുടങ്ങിയവരും അദ്ദേഹത്തെ സ്‌നേഹവാത്‌സല്യങ്ങളോടെ കണക്കാക്കിവന്നു. ആരോഗ്യം അനുവദിച്ചിടത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചു. പുതിയതായി വൈക്കം സംഘജില്ലയ്‌ക്കു കടുത്തുരുത്തിയില്‍ കാര്യാലയം നിര്‍മിച്ചപ്പോള്‍ തന്റെ വിലയേറിയ പുസ്തകശേഖരം അദ്ദേഹം അവിടത്തെ ഗ്രന്ഥാലയത്തിനു ദാനം ചെയ്തിരുന്നു.
ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ ചെല്ലണമെന്നദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. കുടുംബസഹിതം ഏറ്റുമാനൂരില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കെ.എസ്. സോമനാഥനും, കര്‍മ്മചാരി സംഘിന്റെ ഇടുക്കി ജില്ലാ സെക്രട്ടറി ബിജുവും കൂടെയുണ്ടായിരുന്നു. അദ്ദേഹത്തെ നേരില്‍ കണ്ട അവസാന അവസരമായിരുന്നു. വികാരനിര്‍ഭരമായിരുന്നു പുസ്തക കൈമാറല്‍. തന്റെ സുദീര്‍ഘമായ സംഘജീവിതത്തിലെ ജ്ഞാനസമ്പാദ്യത്തിന്റെ ഭൗതികരൂപം
അവിടെ സമര്‍പ്പിച്ച് അദ്ദേഹം മടങ്ങി. പിന്നീട് ഇടയ്‌ക്കിടെ വിളിക്കാറുണ്ടായിരുന്നു. ഒരു സംഭവംകൂടി ഓര്‍മവരുന്നു. മാധവജിയുടെ ദേഹവിയോഗത്തിനുശേഷം അദ്ദേഹത്തെക്കുറിച്ച് കുരുക്ഷേത്രയ്‌ക്കു വേണ്ടി ഒരു ലഘുപുസ്തകം ഞാന്‍ തയ്യാറാക്കിയിരുന്നു. അതിന്റെ കോപ്പി ലഭ്യമല്ലാത്തതിനാല്‍ എന്റെ വീട്ടില്‍ വന്ന് ഒരു പ്രതി അദ്ദേഹം വാങ്ങിക്കൊണ്ടുപോയി.
കേരളത്തിലെ ക്ഷേത്രപുനരുദ്ധാരണത്തിന്റെയും, ജനതയില്‍ ആസ്തിക്യബോധത്തിന്റെയും ജാഗരണം സൃഷ്ടിക്കുന്നതില്‍ അവിസ്മരണീയ പങ്ക് വഹിച്ചായിരുന്നു അദ്ദേഹത്തിന്റെ സായുജ്യപ്രാപ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: