ന്യൂദല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്ത് മഹാമാരിയായി മാറിയ കോവിഡിനെതിരേ വാക്സിന് നിര്‍മിച്ചതിലൂടെ വലിയ പ്രശംസയാണ് ഭാരതത്തിനു ലഭിച്ചത്. എന്നാല്‍, ഇതില്‍ അസഹിഷ്ണുക്കളായ കമ്യൂണിസ്റ്റ് ചൈന വീണ്ടും ശ്രദ്ധ തിരിക്കാന്‍ അതിര്‍ത്തിയില്‍ പ്രകോപനം ശക്തമാക്കുകയാണ്. ലോകരാജ്യങ്ങള്‍ ഇന്ത്യന്‍ നിര്‍മിത വാക്സിനായി കാത്തുനില്ക്കുമ്പോള് ചൈനീസ് മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ഇന്ത്യന്‍ നിര്‍മിത വാക്സിനുകളുടെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ലോകരാജ്യങ്ങള്‍ ഇതു ചെവിക്കൊള്ളാന്‍ പോലും തയാറാകാതിരുന്നതോടെയാണ് പട്ടാളത്തെ ഇറക്കി അതിര്‍ത്തി ലംഘിക്കാനാണ് ചൈന ശ്രമിച്ചത്.
കഴിഞ്ഞ ദിവസങ്ങളായി ഭൂട്ടാന്, മാലിദ്വീപ്, നേപ്പാള്‍, മ്യാന്മര്, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ ഇന്ത്യ കോവിഡ് -19 വാക്സിനുകള്‍ അയല്‍ രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ ഇന്ത്യ ഇതുവരെ 5 ദശലക്ഷത്തിലധികം ഡോസ് കോവിഡ് -19 വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്. സീഷെല്‍സ്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ രാജ്യം കൂടുതല്‍ വാക്സിന് സംഭാവന ചെയ്യും, അഫ്ഗാനിസ്ഥാനും ശ്രീലങ്കയുമായുള്ള കരാറുകളും നിലവിലുണ്ട്. ബ്രസീല്‍ അടക്കം രാജ്യങ്ങളും വാക്സിന്റെ കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ചൈനീസ് സര്‍ക്കാര്‍ അസ്വസ്ഥരാണെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇതേത്തുടര്‍ന്നാണ്, മൂന്നു ദിവസം മുന്‍പ് സിക്കിമിലെ നാകുലയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം അതിര്‍ത്തി കടന്ന് സംഘര്‍ഷത്തിന് ചൈനീസ് പട്ടാളം മുതിര്‍ന്നത്. അതിര്‍ത്തി രേഖ ലംഘിച്ചു കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സേനാംഗങ്ങളെ ഇന്ത്യന്‍ സേന തടഞ്ഞത് ഏറ്റുമുട്ടലില്‍ കലാശിച്ചിരുന്നു. സംഘര്‍ഷത്തില്‍ ചൈനയുടെ 20 പട്ടാളക്കാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യന്‍ ഭാഗത്ത് നാലു സൈനികര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി മാറ്റിമറിക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് സൈനികര്‍ എത്തിയതെന്നാണ് സൂചന. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ ഇത് തടയുകയും ചൈനീസ് സൈനികരെ തുരത്തിയോടിക്കുകയുമായിരുന്നു. ഇന്ത്യ – ചൈന സേനകളിലെ ഉന്നത സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ അതിര്‍ത്തിയില്‍ നടന്ന ഒന്‍പതാം ചര്‍ച്ചയ്ക്കു മുന്‍പായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: