പ്രത്യാശയുടെ സ്വതന്ത്ര വിഹായസ്സില്‍ നിത്യതയുടെ മൂവര്‍ണ പതാക ജനാധിപത്യത്തിനു തണലായി നിലകൊള്ളുന്ന ചിത്രം ഏതൊരു ഭാരതീയനും അഭിമാനദായകമാണല്ലോ. സ്വാഭിമാനതയുടെ വര്ത്തമാനകാലത്തിന് പിറകില്‍, പിറന്ന നാടിന്റെ വിമോചനത്തിനായി ജീവനും ജീവിതവും ഹോമിച്ച പരശതം വീരാത്മാക്കളുടെ ബലിപീഠത്തിലാണ് സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രസൗധം തലയുയര്‍ത്തി നില്‍ക്കുന്നത്.
ചിന്തകള്‍ക്കു തീ പടര്‍ന്ന ഇന്നലെകളുടെ പോരാട്ടത്തിന്റെ പൂര്‍ണ്ണതയില്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം പിറവി കൊണ്ടപ്പോള്‍, ചരിത്രത്തെ ചിറകെട്ടി നിര്‍ത്തിയും ചിലരെ അമാനുഷിക അവതാരങ്ങളാക്കി ചിത്രീകരിച്ചും നാടിന്റെ യഥാര്‍ത്ഥ ചരിത്രം കുടുംബ മഹിമയുടെയും രാഷ്ട്രീയ തല്‍പ്പരതയുടെയും പറ്റുപുസ്തകമായി വക്രീകരിക്കപ്പെട്ടതിനു ഹൃദയവേദനയോടെ സാക്ഷിയായവരാണ് ഓരോ ഭാരതീയനും. സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഹോമാഗ്നിയില്‍ ഹവിസായി തീര്‍ന്നിട്ടും ചരിത്രത്താളുകളില്‍ അക്ഷരങ്ങളാകാതെ പോയ ധീരദേശാഭിമാനികളെ അറിയാനും അറിയിക്കാനുമുള്ള പ്രേരണയാണ് ഈ കാലഘട്ടം നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
സൂര്യനസ്തമിക്കാത്തതെന്ന് കപട ചരിത്രകാരന്മാര് സ്തുതി പാടാറുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിനിവേശത്തെ കാടിനും കാട്ടാറിനും കാവല്‍ നിന്നിരുന്ന വനവാസി ഗോത്ര സമൂഹത്തെയും നാട്ടിന്‍പുറങ്ങളിലെ സാധാരണ ജനതയേയും ചേര്‍ത്തു നിര്‍ത്തി പുരളിമലയെ കോരിത്തരിപ്പിച്ച പോര്‍ക്കലിയമ്മയുടെ ഉപാസകന് കേരളവര്‍മ്മ വീരപഴശിയുടെ നേതൃത്വത്തിലുള്ള സൈന്യം ഉജ്ജ്വല പോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിച്ചു. പത്മനാഭദാസന് വീര മാര്‍ത്താണ്ഡവര്‍മ്മയുടെ ധീരോദാത്തമായ പോരാട്ടവും, വേലുത്തമ്പിയെ പോലെയുള്ള ദേശാഭിമാനികള്‍ വീരാഹുതി നടത്തിയതുമായ നിരവധി വര്‍ഷങ്ങളുടെ ഇതിഹാസ തുല്യമായ ചരിത്രങ്ങളെ അരികുവത്ക്കരിക്കുകയും തമസ്കരിക്കുകയും ചെയ്യുന്നു. 1857ലെ സായുധ വിപ്ലവ സമരമാണ് ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ഇന്നത്തെ തലമുറ പാഠപുസ്തകത്തിലൂടെ വായിച്ചറിയുമ്പോള്‍, അതിനും എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഈ മണ്ണിനെ രണഗാഥകളാല്‍ കുളിരണിയിച്ച വീരപഴശിയേപ്പോലെയുള്ള മഹാരഥന്മാര് നടത്തിയ പോരാട്ടം എന്തായിരുന്നു എന്ന ചോദ്യം ഓരോ ദേശഭക്തനിലും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.
ചുരുക്കം ചില വ്യക്തികള്‍ നിരാഹാരമിരുന്നും അഹിംസാവ്രതമനുഷ്ഠിച്ചുമാണ് ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയത് എന്ന പ്രയോഗത്തിലൂടെ ഒരു ജനതയുടെ ദേശാഭിമാനബോധത്തെ അടിച്ചമര്‍ത്തി സ്വന്തം നാടിന്റെ സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ ഔദാര്യപൂര്‍വ്വം വച്ചുനീട്ടിയതാണെന്ന തെറ്റായ സന്ദേശമാണ് ആധുനിക ചരിത്ര രചനയുടെ പിന്നിലുള്ളത്.
നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതല്ല. മറിച്ച് നാം സ്വാതന്ത്ര്യം നേടിയെടുത്തതാണ്. ചരിത്രപുസ്തകങ്ങളില്‍ അയിത്തം കല്പ്പിച്ചു ബോധപൂര്‍വ്വം അകറ്റി നിര്‍ത്തപ്പെട്ട അധികമാരാലും അറിയപ്പെടാതെ പോയ സഹസ്രവീരരുടെ ആത്മാര്‍പ്പണത്തിന്റെ കൂടി ഫലമായാണ് നമ്മുടെ നാട് സ്വാതന്ത്ര്യം നേടിയത്. സായുധ വിപ്ലവത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി വെറും പതിനെട്ട് വയസ്സ് പ്രായത്തില്‍ തൂക്കുകയര്‍ വരിച്ച ഖുദിറാം ബോസിനെയും ഹെമു കലാനിയെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം സങ്കുചിതവത്കൃതമായിരുന്നു നമ്മുടെ ചരിത്ര രചന. കടലിന്റെ മക്കളോട് ചേര്‍ന്ന് നടത്തിയ ഉപ്പ് സത്യഗ്രഹം അറിയപ്പെടുകയും, അതേ സമയത്ത് കാടിന്റെ മക്കള്‍ നടത്തിയ വനസത്യഗ്രഹം വിസ്മൃതിയിലാണ്ടതും ഏതു താല്പര്യത്തിന്റെ ഭാഗമായിരിക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
പുകള്‍പെറ്റ പാശ്ചാത്യ അധിനിവേശത്തെ പടപൊരുതി തോല്‍പ്പിച്ച ഈ നാട്ടിലെ വീരാംഗനമാരെക്കുറിച്ച് ചോദിച്ചാല്‍ റാണി ലക്ഷ്മിബായി എന്ന ഒറ്റപ്പേരില്‍ അവസാനിക്കുന്നതാണ് ഇന്നത്തെ ചരിത്ര വിദ്യാഭ്യാസം. ദക്ഷിണഭാരതത്തില്‍ വെള്ളക്കാരന്റെ ആയുധപ്പുരയ്ക്ക് തീവച്ച് നൂറുകണക്കിന് ബ്രിട്ടീഷ് പടയാളികളെ കൊന്നൊടുക്കി സ്വയം പ്രാണാഹുതി നടത്തിയ വേലുനാച്ചിയമ്മാളുടെ സേനാനായികയായിരുന്ന കുയിലി എന്ന ധീരവനിതയെ എത്രപേര്‍ക്ക് അറിയാം? സ്ത്രീ വിമോചനത്തിന്റെ കാഹളം മുഴക്കിയ കിത്തൂരിലെ റാണി ചന്നമ്മയെ നാം കേള്‍ക്കാതെ പോയതിന്റെ കാരണം എന്തായിരിക്കും. വംഗനാടിന്റെ ആത്മാഭിമാനം കാക്കാന്‍ ആയുധമേന്തി പോരാടി വീരമൃത്യുവരിച്ച പ്രീഥിലത വഡേദറിന്റെ ചരിത്രം വിസ്മരിക്കപ്പെട്ടത് വേദനാജനകമല്ലെ? പിറന്ന നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍ ഈ വിധം പോരാടി മരിച്ച ആയിരക്കണക്കിന് ധീരവനിതകളുടെ ത്യാഗോജ്വല ചരിത്രമുറങ്ങുന്ന നാട്ടില്‍ മതവിധ്വംസകതയും ആര്‍പ്പോ വിളികളുമായി ഫെമിനിസം പല്ലിളിച്ചു കാട്ടുന്നതിന്റെ യഥാര്‍ത്ഥ കാരണം സ്വന്തം ഭൂതകാലത്തെക്കുറിച്ചുള്ള ശരിയായ അറിവ് ലഭിക്കാത്തതിനാലാണ്.
സ്വാതന്ത്ര്യസമര ചരിത്രം ചില വ്യക്തികളിലേക്കും സങ്കുചിത താല്പര്യങ്ങളിലേക്കും ചുരുങ്ങിപ്പോവുകയും വികലമാക്കപ്പെട്ട ചരിത്രത്തിന്റെ തിരുശേഷിപ്പുകളുടെ പലിശ കൈപ്പറ്റി സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യന്‍ ജനാധിപത്യം കുടുംബവത്കൃതവും വിഗ്രഹവത്കൃതവുമാക്കപ്പെട്ടതിലൂടെ സഫലമാകാതെ പോയ നിരവധി കുടുംബങ്ങളുടെ ത്യാഗത്തിനും കണ്ണീരിനും മറുപടി പറയാനുള്ള ബാധ്യത ഈ വൈകിയ വേളയില്‍ നാം ഓരോരുത്തരിലും വന്നു ചേര്‍ന്നിരിക്കുകയാണ്. തമസ്ക്കരിക്കപ്പെട്ട ഇന്നലെകളുടെ കാലടിപ്പാടുകള്‍ കണ്ടെത്തി അവയെ വരും തലമുറയ്ക്കു മുന്നില്‍ സ്വാഭിമാനം വരച്ചുകാട്ടാന്‍ കാലം നമ്മോട് ആവശ്യപ്പെടുകയാണ്.
രാഷ്ട്രബോധവും ദേശഭക്തിയുമുള്ള തലമുറയെ സൃഷ്ടിക്കാന്‍ തയ്യാറാകുമ്പോള്‍ സ്വന്തം നാടിന്റെ പാരമ്പര്യത്തിലും പൈതൃകത്തിലും സ്വയം അഭിമാനികളായിത്തീരാന്‍ കൂടി നമുക്ക് സാധിക്കണം. കര്‍ഷകനും തൊഴിലാളിയും ചെരുപ്പുകുത്തിയും വനവാസിയും അധ്യാപകനും വിദ്യാര്‍ത്ഥിയും വീട്ടമ്മയുമെല്ലാം ചോരയും വിയര്‍പ്പും ഒഴുക്കി നേടിയ ഈ നാടിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മുറുകെ പിടിക്കാന്‍ ഇന്നിന്റെ അവകാശികളായ നാം തയ്യാറാകുമ്പോള്‍ അതിനു നമ്മെ നയിക്കുന്ന പ്രേരണ ഇന്നലെകള്‍ ഉച്ചത്തിലോതിയ ”ഭാരത് മാതാ കീ ജയ്” എന്ന ഒറ്റ മന്ത്രം മാത്രമായിരിക്കട്ടെ…
എം. ശശിഭൂഷണമേനോന്‍
ഭാരതീയ കിസാന്‍ സംഘ്, സംസ്ഥാന അധ്യക്ഷന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: