തിരുവനന്തപുരം: വിവാദ സിംകാര്‍ഡ് തന്റെ പേഴ്സണല്‍ ഫോണ്‍ നമ്പറാണെന്ന് തുറന്നുസമ്മതിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. ഇതില്‍ മറച്ചുവയ്ക്കാന്‍ ഒന്നുമില്ല. ഫോണിന്റെ പേരില്‍ കസ്റ്റംസിന് തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
‘അത് എന്റെ പേഴ്സണല്‍ ഫോണ്‍ നമ്പറാണ്. രഹസ്യ സിംകാര്‍ഡ് അല്ല. മനുഷ്യനായതുകൊണ്ട് കുടുംബകാര്യങ്ങള്പോലെ ഔദ്യോഗിക ഫോണില്‍നിന്ന് സംസാരിക്കാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ടാകും. അതിനാണ് വ്യക്തിഗതമായി നമ്പര്‍ ഉപയോഗിച്ചത്. ഒരു സഖാവിന്റെ ജ്യേഷ്ഠന്റെ മകന്റെ പേരിലുള്ളതാണ് സിം. സിം കാര്‍ഡിന് ഉടമയായ നാസറിനെ രണ്ടോ, മൂന്നോ വട്ടമേ കണ്ടിട്ടുള്ളൂ’- അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പ്രമേയത്തെക്കുറിച്ച് നിയമസഭയില്‍ നടത്തിയ പരാമര്‍ശം അദ്ദേഹം ആവര്‍ത്തിച്ചു. സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം തോന്ന്യാസം തന്നെയാണ്. പ്രമേയം കൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട യുക്തിപോലുമില്ലാത്തതായിരുന്നു തനിക്കെതിരായ പ്രമേയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: