ന്യൂദല്‍ഹി: കോവിഡ് വാക്സിന് യജ്ഞത്തിന്റെ എട്ടാം ദിവസമായ ഇന്നലെ രാജ്യത്ത് പ്രതിരോധ കുത്തിവയ്പ് എടുത്തത് 1.46 ലക്ഷം പേര്. വാക്സിന് സ്വീകരിച്ചവരുടെ ആകെ എണ്ണം 15.37 ലക്ഷമായി. കേരളത്തില്‍ 6,012 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ശനിയാഴ്ച വാക്സിന് സ്വീകരിച്ച 123 പേരില്‍ വിപരീതഫലം റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും 11 പേരെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവര്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഹരിയാന ഗുരുഗ്രാം സ്വദേശിയായ 56-കാരന്റെ മരണത്തിന് വാക്സിന് സ്വീകരിച്ചതുമായി ബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഹൃദയസംബന്ധമായ പ്രശ്നമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. നിലവില്‍ കോവാക്സിന് ഉപയോഗിക്കുന്ന 12 സംസ്ഥാനങ്ങള്‍ക്ക് പുറമേ, കേരളമുള്‍പ്പെടെ ഏഴ് സംസ്ഥാനങ്ങളിലേക്ക് കൂടി കഴിഞ്ഞദിവസങ്ങളില്‍ ഇതേ വാക്സിന് ഡോസുകള്‍ അയച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഇന്ത്യയില്‍ 14,256 പേര്‍ക്കാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കോവിഡ് മുക്തി നേടിയവര്‍ 17,130. 152 മരണങ്ങള് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. മഹാമാരിയുടെ തുടക്കം മുതല്‍ രാജ്യത്ത് ഇതുവരെ 1.06 കോടി ആളുകള്‍ക്ക് രോഗബാധയുണ്ടായെങ്കിലും ഇതില്‍ 1.03 പേരും രോഗമുക്തമാരായി. 1.53 ലക്ഷം പേര് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: