കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ വിജിത് വിജയന്‍ ഫെബ്രുവരി 19വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
ഐഎന്‍എ കോടതിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. പന്തീരങ്കാവ് യുഎപിഎ കേസിൽ നാലാം പ്രതിയാണ് വയനാട് സ്വദേശി വിജിത്. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് വിജിത്തെന്ന് കഴിഞ്ഞ ദിവസം എൻഐഎ അറിയിച്ചിരുന്നു. അലനേയും താഹയേയും തീവ്ര സംഘടനയിൽ ചേർത്തത് വിജിത്താണെന്നും എൻഐഎ പറയുന്നു.
കൽപ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്. കൊച്ചി എൻഐഎ ആസ്ഥാനത്ത് വച്ച് ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. കേസിൽ കോഴിക്കോട് വച്ചും വിജിത്തിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
നേരത്തെ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. താഹയുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത ലഘുലേഖകൾ യുഎപിഎ നിലനിൽക്കുന്നതിന് തെളിവാണെന്ന എൻഐഎയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: