ന്യൂദല്‍ഹി: ഫിബ്രവരി ഒന്നിന് കേന്ദ്രബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായുള്ള ഹല്‍വ ചടങ്ങിനെത്തി ധനമന്ത്രി നിര്‍മ്മല സീതാരാമന്. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറും ധനകാര്യമന്ത്രാലയത്തിലെ സെക്രട്ടറിമാരും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
വര്‍ഷങ്ങളായി ബജറ്റിന് മുന്നോടിയായി നടക്കുന്ന ചടങ്ങാണ് ഹല്‍വ ആചാരം. ഈ ചടങ്ങിന്റെ ഭാഗമായി വലിയൊരു പാത്രത്തില്‍ ഹല്‍വ തയ്യാറാക്കി ധനകാര്യമന്ത്രാലയത്തിലെ മുഴുവന്‍ പേര്‍ക്കും അത് വിതരണം ചെയ്യും. ബജറ്റ് നിര്‍മ്മാണത്തിലും പ്രിന്റിംഗ് പ്രക്രിയയിലും പങ്കാളികളായ മുഴുവന്‍ പേര്‍ക്കുമാണ് ഹല്‍വ നല്‍കുക. ഇക്കുറി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ ഹല്‍വ ഉണ്ടാക്കിയശേഷം അത് ധനമന്ത്രി തന്നെ ഉദ്യോഗസ്ഥര്‍ക്ക് പാത്രങ്ങളില്‍ നിറച്ച് നല്‍കുകയായിരുന്നു.
ബജറ്റ് ചോരാതിരിക്കാന്‍ ബജറ്റ് അവതരണം വരെയുള്ള ദിവസങ്ങള്‍ ഉദ്യോഗസ്ഥര്‍ കുടംബക്കാരില് നിന്നും അകന്ന് താമസിക്കുകയാണ് പതിവ്. ഇക്കുറി കോവിഡ് കാരണം ബജറ്റ് പ്രിന്റിംഗ് വേണ്ടെന്നു വെച്ചെങ്കിലും ഹല്‍വ ചടങ്ങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ജനവരി 29ന് സാമ്പത്തികസര്വ്വേറിപ്പോര്ട്ട് പാര്‍ലമെന്റില്‍ വെയ്ക്കും. ജനവരി 29 മുതല്‍ ഫിബ്രവരി 15 വരെയാണ് ഇക്കുറി ബജറ്റ് സമ്മേളനം. രണ്ടാം ഘട്ടം മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെ നടക്കും. ചോദ്യോത്തര വേളയും ശൂന്യ വേളയും ഉള്‍പ്പെടെ രാജ്യസഭ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയും ലോക്സഭ വൈകീട്ട് നാല് മുതല്‍ ഒമ്പത് വരെയും നടക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: