ന്യൂദല്‍ഹി: പൗരത്വഭേദഗതി ബില്ലില്‍ അലിഗഡ് കോളെജില്‍ നടന്ന സമരം പോലെ മുഖംമൂടിയിട്ട ഗുണ്ടകള്‍ അക്രമം സൃഷ്ടിക്കാന്‍ സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ഇടിയിലേക്ക് നുഴഞ്ഞുകയറുന്നതായി പരാതി.
വെള്ളിയാഴ്ച മുഖംമൂടിയിട്ട ഒരു യുവാവിനെ കര്‍ഷകയൂണിയന്‍ നേതാക്കള്‍ തന്നെ പിടികൂടി. പിന്നീട് ചോദ്യം ചെയ്യലില്‍ അക്രമം നടത്താനാണ് തന്നെ സിംഘു അതിര്‍ത്തിയിലേക്ക് അയച്ചതെന്ന് യുവാവ് സമ്മതിച്ചു. അക്രമം നടത്താന്‍ രണ്ട് സ്ത്രീകളടക്കം പത്ത് പേരടങ്ങിയ സംഘമാണ് എത്തിയിരുന്നതെന്നും യുവാവ് പറഞ്ഞു.
എന്നാല്‍ പിന്നീട് യുവാവ് തന്നെ മറ്റൊരു വീഡിയോയില്‍ ഇത് നിഷേധിച്ചു. കര്‍ഷകനേതാക്കള്‍ എഴുതിത്തന്ന കുറിപ്പ് താന്‍ വായിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.
നടന്നതിങ്ങനെ:
വെള്ളിയാഴ്ച രാത്രി 11മണിക്കാണ് കര്‍ഷകനേതാക്കള്‍ മുഖംമൂടിയിട്ട യുവാവുമായി പത്രസമ്മേളനത്തിന് എത്തിയത്. യോഗേഷ് എന്നാണ് യുവാവിനെ പരിചയപ്പെടുത്തിയതെങ്കിലും പത്രസമ്മേളന സമയത്ത് മുഖംമൂടി ധരിച്ചതിനാല്‍ യുവാവിന്റെ മുഖം കാണാന്‍ കഴിഞ്ഞില്ല. ജനവരി 23നും 26നും ഇടയില്‍ ഏതാനും കര്‍ഷകരെ വെടിവെക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് യുവാവ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ചില പൊലീസുദ്യോഗസ്ഥര്‍ തന്നെയാണ് തന്നെ ഇതിനായി പരിശീലിപ്പിച്ചതെന്നും യുവാവ് പറഞ്ഞു.
പിന്നീട് പത്രസമ്മേളന വേദിയിലെത്തിയ പൊലീസ് യുവാവിനെ പിടികൂടി. എന്നാല്‍ പൊലീസ് കര്‍ഷകനേതാക്കളുടെ ഈ വാദം പിന്നീട് തള്ളുകയായിരുന്നു. യുവാവിന് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ഗൂഡാലോചനയുടെ ഭാഗമായാണ് യുവാവ് എത്തിയതെന്ന് പറയാനാവില്ലെന്നുമാണ് പൊലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: