ആദ്യ പരാജയം കുടഞ്ഞെറിഞ്ഞ് സ്വന്തം മണ്ണായ ഗാബയില്‍ ആസ്ട്രേലിയയെ തകര്‍ത്ത് മഹത്തായ തിരിച്ചുവരവോടെ ടീം ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയതുപോലെയാണ് പുതുവര്‍ഷത്തിന്റെ ഇരുപത്തൊന്നാം ദിവസമായ വ്യാഴാഴ്ച ഇന്ത്യന്‍ ഓഹരി വിപണി പുതിയ ചരിത്രമെഴുതിയത്. ബിഎസ്ഇ സൂചികയായ സെന്‍സെക്സ് ഈ നൂറ്റാണ്ടില്‍ ആദ്യമായി 50,000 പോയിന്റ് മറികടന്നതോടെ ദലാല്‍ സ്ട്രീറ്റിലുയര്ന്ന വിജയാരവം ഇനിയും പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും. കൊവിഡ് കാലത്തെ ജനതാ കര്‍ഫ്യൂവിനും ലോക്ഡൗണിനുമിടയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഇരുപത്തിമൂന്നിന് സെന്‍സെക്സ് സൂചിക തകര്‍ന്നടിഞ്ഞ ചരിത്രമാണ് ഇപ്പോള്‍ പഴങ്കഥയായിരിക്കുന്നത്. പത്ത് മാസത്തിനുശേഷം, മഹാമാരി വിട്ടൊഴിയാതിരിക്കുമ്പോഴും ഓഹരി വിപണിയില്‍ സംഭവിച്ച ഈ കുതിച്ചുകയറ്റം പലരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. നിരവധി കമ്പനികള്‍ നേട്ടം കൊയ്തു. സെന്‍സെക്സ് പുതിയ ഉയരം കുറിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റു ചെയ്ത കമ്പനികളുടെ വിപണിമൂല്യം 200 ലക്ഷം കോടി രൂപയ്ക്ക് അടുത്തെത്തി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അതിവേഗം തിരിച്ചുവരുകയാണെന്നുള്ള പ്രതീക്ഷയും, വിദേശ നിക്ഷേപത്തിന്റെ ഒഴുക്കുമാണ് ഇത് സാധ്യമാക്കിയതെന്ന് വിലയിരുത്തപ്പെടുന്നു. 2000 കോടി ഡോളറിന്റെ വിദേശ നിക്ഷേപമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സമ്പദ്വ്യവസ്ഥയെക്കുറിച്ച് കുപ്രചാരണത്തിലേര്‍പ്പെട്ടിരിക്കുന്ന നാശത്തിന്റെ പ്രവാചകര്‍ക്ക് ഇനി വിശ്രമിക്കാം.
കൊവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തില്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകള് കടുത്ത പ്രതിസന്ധി നേരിടുമ്പോഴും സാമ്പത്തിക രംഗത്തെ ഭാരതത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് മറ്റ് രാജ്യങ്ങള്‍ അദ്ഭുതത്തോടെയാണ് കാണുന്നത്. ലോക്ഡൗണ്‍ കാലത്ത് താണുപോയ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ന്നുവരികയാണ്. 2021 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇത് ഇനിയും വര്‍ധിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആറ് വര്‍ഷക്കാലത്തെ ഭരണത്തിന് കീഴില്‍ അടിസ്ഥാന സൗകര്യമേഖലയുടെ വികസനം അതിനു മുന്‍പുള്ള സര്‍ക്കാരുകള്‍ ഭരിച്ച 20 വര്‍ഷത്തെ മറികടക്കുന്നതായാണ് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. മെട്രോ ലൈനുകളുടെയും ബുള്ളറ്റ് ട്രെയിനുകളുടെയും മറ്റ് പദ്ധതികളുടെയും നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ മോദി സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള കഠിന ശ്രമങ്ങള്‍ നടക്കുന്നത് പകല്‍പോലെ വ്യക്തമാണ്. ദല്‍ഹിയിലെ കര്‍ഷക സമരത്തിന്റെ പേരില്‍ കോലാഹലങ്ങളുണ്ടാക്കി ഈ വസ്തുതകളൊക്കെ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ സ്ഥാപിതശക്തികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും വിജയിക്കാന്‍ പോകുന്നില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജനപ്രീതി നല്കുന്ന സന്ദേശം.
ഓഹരി വിപണിയിലുണ്ടായ കുതിച്ചുകയറ്റം രാജ്യത്തെ സമ്പദ്വ്യവസ്ഥയില് നിക്ഷേപകര്‍ക്കുള്ള പ്രതീക്ഷയാണ് കാണിക്കുന്നത്. കൊവിഡ് മഹാമാരിയുടെ പിടിയിലമര്‍ന്നതോടെ ലോകമാകെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചിരുന്നു. ഇതില്‍നിന്ന് കരകയറാന്‍ കരുതലോടെയുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തി പല ഘട്ടങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികള്‍ സമ്പദ്വ്യവസ്ഥയില് പുതിയ ഉണര്‍വ് സൃഷ്ടിച്ചു. ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കുന്ന നടപടികള്‍ ഒന്നിനുപുറകെ ഒന്നായി സ്വീകരിച്ചപ്പോഴും അടിസ്ഥാന സമ്പദ് ഘടന തകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ജനങ്ങളെ ഒന്നടങ്കം വിശ്വാസത്തിലെടുത്തുകൊണ്ടായിരുന്നു ഇത്. അവതരിപ്പിക്കാനിരിക്കുന്ന പുതിയ പൊതുബജറ്റ് ഈ ദിശയില്‍ നൂതനമായ പല പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് കരുതപ്പെടുന്നു. സമ്പദ്വ്യവസ്ഥ ശക്തിപ്പെടണമെന്നു മാത്രമല്ല, അത് സാധാരണ ജനങ്ങള്‍ക്ക് ഗുണകരമാകണമെന്നുമുള്ള നിശ്ചയദാര്‍ഢ്യമാണ് മോദി സര്‍ക്കാരിനെ നയിക്കുന്നത്. മുപ്പത് കോടിയാളുകള്‍ക്കാണ് രാജ്യത്ത് സ്വന്തമായി വീടില്ലാത്തത്. 2022 ആകുമ്പോള്‍ ഇവര്‍ക്കെല്ലാം വീട് ലഭ്യമാക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. ഇതിന് ഊര്‍ജം പകരുന്നതാണ് ഓഹരി വിപണിയിലുണ്ടായ ചരിത്രപരമായ കുതിച്ചു കയറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: