വാഷിങ്ടണ്‍: അമേരിക്കയുടെ നാല്പ്പത്താറാം പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റു. ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കമലാ ഹാരിസിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് സുപ്രീം കോടതിയിലെ വനിതാ ജഡ്ജിയായ സോണിയ സൊട്ടൊമെയറായിരുന്നു. അമേരിക്കന്‍ സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനമേരിക്കന്‍ വംശജയായ ജഡ്ജി എന്ന വിശേഷണവും സോണിയ സൊട്ടൊമെയറിനുണ്ട്. ഇതിന് ശേഷമാണ് ജോ ബൈഡന് സത്യപ്രതിജ്ഞാ ചെയ്ത് അധികരമേറ്റത്.
കൊറോണ വ്യാപനത്തിന്റെ ആശങ്കയ്ക്കൊപ്പം കര്‍ശനമായ സുരക്ഷാ തയാറെടുപ്പുകള്‍ കൂടിയായതോടെ ജനപങ്കാളിത്തം ചടങ്ങില്‍ തീരെ കുറവായിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ ക്യാപിറ്റോള്‍ കൈയേറി നടത്തിയ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങ് നടന്നത് കനത്ത സുരക്ഷയിലാണ്. 2001 സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സുരക്ഷാസന്നാഹമാണ് വിന്യസിച്ചിരുന്നത്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതാണ് കീഴ്വഴക്കമെങ്കിലും ഇത്തവണ ട്രംപ് ചടങ്ങില്‍ പങ്കെടുക്കാതെ പിണങ്ങിപ്പോയിരുന്നു. . സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്കരിക്കുന്ന നാലാമത് പ്രസിഡന്റാണ് ട്രംപ്. ബൈഡന്റെ വിജയം ക്രമക്കേടിലൂടെയാണെന്ന് ആരോപിക്കുന്ന ട്രംപ് ഇന്നു രാവിലെ തന്നെ വാഷിങ്ടണ്‍ വിട്ടിരുന്നു. പുതിയ പ്രസിഡന്റിന്റെ കുടുംബാംഗങ്ങളെ സ്ഥാനമൊഴിയുന്ന പ്രസിഡന്റിന്റെ ഭാര്യ തലേന്ന് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുന്ന പതിവും ഇക്കുറി നടന്നില്ല. ബൈഡന്റെ കുടുംബത്തെ ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് വൈറ്റ് ഹൗസിലേക്ക് വിളിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: