തിരുവനന്തപുരം: സംശയാസ്പദമായ സാഹചര്യത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും 2018 മുതല്‍ കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സംഭവത്തിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ഫലപ്രദമല്ലെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കത്തില്‍ പിതാവ് അഭ്യര്‍ത്ഥിച്ചു.
2018 മാര്‍ച്ച് 28ന് രാവിലെ 9.30ഓടെയാണ് ജസ്ന കാഞ്ഞിരപ്പള്ളിയിലെവീട്ടില്‍ നിന്നും അപ്രത്യക്ഷയായത്. ബന്ധുവീട്ടില്‍ പോവുകയാണെന്നാണ് ജസ്ന അയല്‍ക്കാരോട് പറഞ്ഞത്. പക്ഷെ അവര്‍ ബന്ധുവീട്ടില്‍ എത്തിയില്ല. ആദ്യം ലോക്കല്‍ പൊലീസാണ് കേസ് അന്വേഷിച്ച് തുടങ്ങിയത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു.
ഇതിനിടെ, മംഗ്ലൂരിലെ ഇസ്ലാമിക മതപഠനകേന്ദ്രത്തില്‍ കണ്ടെത്തിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ നേരത്തെ കേരളത്തിലെ പൊലീസുദ്യോഗസ്ഥര്‍ ജസ്ന ഇപ്പോഴെവിടെയെന്ന് വെളിപ്പെടുത്താന്‍ വിസമ്മതിച്ചത് സംശയങ്ങള്‍ ഉണര്‍ത്തിയിരുന്നു. പൊലീസില്‍ നിന്നും വിരമിച്ച പത്തനം തിട്ട എസ്പി കെ.ജി. സൈമണായിരുന്നു അന്വേഷണച്ചുമതല. ഇദ്ദേഹം ജസ്ന എവിടെയെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ചില മാധ്യമറിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും വ്യക്തമായ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. 20 വയസ്സായ ഒരു പെണ്‍കുട്ടി മാംഗ്ലൂരിലെ ഇസ്ലാമിക സെമിനാരിയില്‍ എത്തിയെന്ന വാര്‍ത്ത നിരവധി ചോദ്യങ്ങളുണര്‍ത്തിയിരുന്നു. ഈ പ്രത്യേക കേസിലെത്തുമ്പോള്‍ പുറത്തുനിന്നുള്ള ഒരു സമ്മര്‍ദ്ദത്തിന് പൊലീസ് വഴങ്ങുകയാണോ എന്ന് പൊതുജനത്തിലും സംശയം ജനിപ്പിച്ചിരുന്നു. അപ്രത്യക്ഷയാവുന്ന നാളുകളില്‍ ജസ്ന കാഞ്ഞിരപ്പള്ളിയിലെ സെന്റ് ഡൊമെനിക് കോളെജില്‍ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. ജസ്ന ഗര്‍ഭിണിയാണെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു.
മാധ്യമങ്ങള്‍ ലവ് ജിഹാദ് എന്ന രീതിയില്‍ ജസ്ന പ്രശ്നത്തെ നോക്കിക്കാണാന്‍ തുടങ്ങിയതോടെ ഇടതുപക്ഷസര്‍ക്കാരും വെട്ടിലായി. ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ഇസ്ലാമിക വോട്ടുകള്‍ നഷ്ടമാകുമോ എന്ന ഭയം സര്‍ക്കാരിനുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച ചൂടേറിയ വാഗ്വാദങ്ങള്‍ നടക്കുകയാണിപ്പോള്‍. ഈയിടെ ചില ക്രിസ്തീയ വിഭാഗങ്ങള്‍ തങ്ങളുടെ സമുദായത്തിലെ പെണ്‍കുട്ടികള്‍ ലവ് ജിഹാദിന് ഇരയാകുന്നതായി വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതേസമയം, ജെസ്ന മരിയ ജയിംസിനെ കണ്ടെത്തുന്നതിനായി ഫയല്‍ ചെയ്ത ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി കോടതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്നയെ കാണാതായിട്ട് രണ്ട് വര്‍ഷമായെന്നും വിഷയത്തില്‍ കോടതി അടിയന്തിര ഇടപെടല്‍ നടത്തണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: