തൃശൂര്‍: ചില്ലുകളില്‍ കര്‍ട്ടനിട്ട് വരുന്ന സര്‍ക്കാര്‍ വാഹനങ്ങളും വിഐപി വാഹനങ്ങളും ഓപ്പറേഷന് സ്ക്രീനിന്റെ ഭാഗമായി പിടികൂടി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും വിഐപി വാഹനങ്ങളും ഇപ്പോഴും സഞ്ചരിക്കുന്നത് കര്‍ട്ടനും കൂള്ഫിലിമും നീക്കാതെയാണ്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെ പരിശോധനയുടെ ഭാഗമായി നിയമ നടപടികള്‍ സ്വീകരിക്കുമെന്ന്് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചിരിക്കുന്നെങ്കിലും ഉണ്ടാകുന്നില്ല.
കര്‍ട്ടനിട്ടും കൂള്‍ ഫിലിമൊട്ടിച്ചും വരുന്ന വിഐപി വാഹനങ്ങളും സര്‍ക്കാര്‍ വാഹനങ്ങളും കാണിച്ചു കൊടുത്തിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്ന് സ്വകാര്യ വാഹന ഉടമകള്‍ പരാതിപ്പെടുന്നു. ചിലയിടങ്ങളില്‍ വാഹന ഉടമകളും ഉദ്യോഗസ്ഥരും തമ്മില്‍ ഇക്കാര്യത്തില്‍ തര്‍ക്കവും വാക്കേറ്റവുമുണ്ടായി. വിഐപി വാഹനങ്ങളും നിയമം പാലിക്കാന്‍ തയ്യാറാകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. കര്‍ട്ടനോ, കൂള്‍ ഫിലിമോ ഒട്ടിച്ച് വാഹനങ്ങളൊടിക്കരുതെന്ന് നേരത്തേ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി വിധിയെ തുടര്‍ന്ന് കുറച്ചുനാള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡുകളില്‍ പരിശോധന നടത്തിയെങ്കിലും തുടര്‍ന്ന് കൃത്യമായി ഉണ്ടായില്ല.
ഇതേ തുടര്‍ന്ന് മന്ത്രിമാരുടെ വാഹനങ്ങളും മറ്റു സര്‍ക്കാര്‍ വാഹനങ്ങളും കര്‍ട്ടനിട്ടും കൂള്‍ ഫിലിം ഒട്ടിച്ചും തന്നെ നിരത്തിലിറങ്ങി. പരിശോധന കുറഞ്ഞതോടെ പിന്നീട് സാധാരണക്കാരും വാഹനങ്ങളില്‍ കര്‍ട്ടനും കൂള്‍ ഫിലിമും ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍ ഓപ്പറേഷന് സ്ക്രീന്‍ പരിശോധന ആരംഭിച്ചപ്പാള് സാധാരണക്കാര്‍ക്കെതിരെയാണ് കൂടുതല്‍ നടപടിയെന്നാണ് വാഹന ഉടമകളുടെ പരാതി.
സര്‍ക്കാര്‍ വാഹനങ്ങളില്‍ പലതിന്റേയും കൂടാതെ വിഐപി വാഹനങ്ങളുടെയും ചുമതല ടൂറിസം വകുപ്പിനാണെന്നാണ് മോട്ടാര്‍ വാഹന വകുപ്പ് പറയുന്നത്. അതിനാല്‍ കര്‍ട്ടനുകള്‍ മാറ്റാന്‍ ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഷ്യം. വരും ദിവസങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ കര്‍ട്ടനിട്ട് വന്നാല്‍ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വാഹനങ്ങളിലെ ഡോര്‍ ഗ്ലാസുകളും വിന്‍ഡ് ഷീല്‍ഡ് ഗ്ലാസുകളും കര്ട്ടന്, ഫിലിം, മറ്റു വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് മറക്കുന്നതിനെതിരെയാണ് ഓപ്പറേഷന് സ്ക്രീനിന്റെ ഭാഗമായി ഇപ്പോള്‍ നടപടിയെടുക്കുന്നത്.
ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ ആര്‍ടിഒയുടെ നേതൃത്വത്തിലാണ് പരിശോധന. വാഹനങ്ങളിലെ പുറകിലെ ഗ്ലാസിലും സൈഡ് ഡോര്‍ ഗ്ലാസുകളിലും കറുത്ത ഫിലിമും കര്‍ട്ടനുകളും ഉപയോഗിച്ചു മറയ്ക്കുന്നത് സുപ്രീംകോടതി വിധിയുടെയും മോട്ടര്‍ വാഹന ചട്ടങ്ങളുടെയും ലംഘനമാണ്. ഇതു തടയാനാണ് 17 മുതല്‍ ഓപ്പറേഷന് സ്ക്രീന്‍ ആരംഭിച്ചത്. ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 500ഓളം വാഹനങ്ങള്‍ക്കെതിരെ ഓപ്പറേഷന് സ്ക്രീന്‍ പ്രകാരം നടപടിയെടുത്തിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: