ന്യൂദല്‍ഹി: ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്ന് മൂന്ന് കര്‍ദ്ദിനാള്‍മാര്‍ ചൊവ്വാഴ്ച വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പള്ളിത്തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയം ചര്‍ച്ച ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍മാര്‍. ബിജെപിയെ തൊട്ടുകൂടാത്ത പാര്‍ട്ടിയായി കാണുന്നില്ലെന്നായിരുന്നു ഇതേക്കുറിച്ച് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പ്രതികരണം.
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ബസേലിയോസ് ക്ലീമിസ്, ഓസ്വാള്‍ഡ് ഗ്രേസിയസ് എന്നീ മൂന്ന് കര്‍ദ്ദിനാള്‍മാരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിത്. കൂടിക്കാഴ്ച ഏകദേശം മുക്കാല്‍ മണിക്കൂറോളം നീണ്ടു. ഇതില്‍ മഹാരാഷ്ട്രയിലെ ഭീമ-കൊറെഗാവോണ്‍ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത് ജയിയിലടച്ച സ്റ്റാന്‍ സ്വാമിയെന്ന മതപ്രചാരകനെ വിട്ടയക്കണമെന്ന ആവശ്യം ബിഷപ്പുമാര്‍ മോദിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ഇടപെടുന്നതില്‍ തനിക്ക് പരിമിതിയുണ്ടെന്ന് മോദി വ്യക്തമാക്കി.
പ്രധാനവിഷയങ്ങളിലൊന്ന് ന്യൂനപക്ഷസംവരണമായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്കുള്ള ഫണ്ട് വിതരണത്തില്‍ ക്രിസ്തീയ സമുദായത്തിന് ആനുപാതികമായി ഫണ്ട് ലഭിക്കുന്നില്ലെന്ന് മതമേലധ്യക്ഷന്മാര് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
മാര്‍പ്പാപ്പയുടെ ഇന്ത്യന്‍ സന്ദര്‍ശനവും ചര്‍ച്ചാവിഷയമായി. ഇതില്‍ പ്രധാന തടസ്സം ഇന്ത്യയില്‍ നിന്ന് ഔദ്യോഗികക്ഷണം നല്കിയിട്ടില്ലെന്നുള്ളതാണ്. ഇക്കാര്യം കര്‍ദ്ദിനാള്‍മാര്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ലവ് ജിഹാദ് സംബന്ധിച്ച് ചര്‍ച്ച ചെയ്തേക്കുമെന്ന വാര്‍ത്തയുണ്ടായിരുന്നെങ്കിലും ആ വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.
നേരത്തെ മിസോറാം ഗവര്‍ണറും ബിജെപി നേതാവുമായ പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയെന്നോണമാണ് ക്രിസ്തീയ മതമേലധ്യക്ഷന്മാര് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: