കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം എല്ലാവര്‍ഷവും ‘പരാക്രം ദിവസ്’ ആയി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി 23ന് നടക്കുന്ന നേതാജിയുടെ 125-ാമത് ജന്മവാര്ഷിക ആഘോഷങ്ങള്‍ക്കു മുന്നോടിയായി കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. നേതാജിയുടെ കീഴടക്കാന്‍ കഴിയാത്ത ധീരതയെയും രാഷ്ട്രത്തിന് നല്കിയ നിസ്വാര്‍ഥ സേവനത്തെയും ആദരിക്കാന്‍ എല്ലാവര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനം പരാക്രം ദിവസ് ആയി ആചരിക്കാന്‍ തീരുമാനിച്ചതായി സംസ്കാരിക മന്ത്രാലയം അറിയിച്ചു.
‘നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്ഷികത്തില് അദ്ദേഹം രാജ്യത്തിന് നല്കിയ അതുല്യമായ സംഭവാനയെ ജനങ്ങള്‍ സ്നേഹത്തോടെ ഓര്‍മിക്കുന്നു. 2021 ജനുവരിയില്‍ തുടങ്ങുന്ന നേതാജിയുടെ 125-ാമത് ജന്മവാര്ഷിക വര്‍ഷം ദേശീയ, അന്തര്‍ദേശീയ തലത്തില്‍ അനുയോജ്യമായ രീതിയില്‍ ആഘോഷിക്കാന്‍ ഭാരതസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്’- സര്‍ക്കാരിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
23ന് കൊല്‍ക്കത്തിയിലെ വിക്ടോറിയ മെമ്മോറിയലില്‍ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്ഷിക ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നേരന്ദ്രമോദി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലിപോറിലെ ബെല്വദെറെ എസ്റ്റേറ്റിലുള്ള ദേശീയ ലൈബ്രറിയും പ്രധാനമന്ത്രി സന്ദര്‍ശിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: