കൊച്ചി : കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എന്‍ഫോഴ്‌സ്‌മെന്റ് എതിര്‍ക്കും. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിരക്ഷയുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് എതിര്‍ക്കുന്നത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്.
എന്‍ഫോഴ്‌സ്‌മെന്റ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. അപൂര്‍ണ്ണമായ കുറ്റപത്രമാണ്. ഇത് നിലനില്‍ക്കില്ല. സിആര്‍പിസി 167 പ്രകാരം തനിക്ക് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയത്.
എന്നാല്‍ അഴിമതിയിലൂടെ സമ്പാദിച്ച കള്ളപ്പണം വെളുപ്പിച്ചതിനാണ് ശിവശങ്കറിനെതിരെ കേസെടുത്തിരിക്കുന്നതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദം. കള്ളപ്പണക്കേസുകളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്ന തെഴിവുകളും മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അഴിമതി കേസുകളില്‍ കുറ്റപത്രം തയ്യാറാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടേണ്ടത്. അതിനാല്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്ന ശിവശങ്കറിന്റെ വാദം ചിലപ്പോള്‍ നിലനില്‍ക്കില്ല.
എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ഹൈക്കോടതിയിലും ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. അതേസമയം സ്വര്‍ണക്കടത്ത് കേസിലും ശിവശങ്കറിനെതിരെ കസ്റ്റംസ് തെളിവുകള്‍ കണ്ടെത്തിയിരുന്നു. മാര്‍ച്ചില്‍ കസ്റ്റംസ് കുറ്റപത്രം നല്‍കും. ഇതുമായി ബന്ധപ്പെട്ട് അടുത്തമാസം ആദ്യം തന്നെ കസ്റ്റംസ് കമ്മിഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്ത് കേസില്‍ 26 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: