ന്യൂദല്‍ഹി: കേരളത്തില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടര്‍ന്നിട്ടും വാക്സിന് കുത്തിവെപ്പില്‍ സംസ്ഥാനം രാജ്യത്തെ താഴ്ന്ന നിലയില്‍. കേരളത്തിലും തമിഴ്നാട്ടിലും ഇരുപത്തിയഞ്ച് ശതമാനത്തില്‍ താഴെയാണ് കുത്തിവെപ്പ് നിരക്ക്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തി. വാക്സിനിലുള്ള സംശയം മൂലമാണ് കുത്തിവെപ്പ് കുറയുന്നതെന്നാണ് കേരളത്തിന്റെ വാദം. അതേസമയം കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുത്തിവെപ്പ് നിരക്ക് എഴുപത് ശതമാനമാണ്. ഈ സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചു. കഴിഞ്ഞ ദിവസം 7891 ആരോഗ്യപ്രവര്‍ത്തകരാണ് കേരളത്തില്‍ വാക്സീന് സ്വീകരിച്ചത്. കുത്തിവെയ്പ്പ് എടുത്തവരിലാര്‍ക്കും ഇതുവരെ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
വാക്സിന് കുത്തിവെപ്പ് കുറയുന്ന കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വാക്സിനുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ആദ്യ ദിവസം കേരളത്തില്‍ 133 സെഷനുകളായി 8,062 പേരാണ് വാക്സിനേഷന് സ്വീകരിച്ചത്. പ്രതിദിന കൊവിഡ് നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന സംസ്ഥാനമായ കേരളത്തില്‍ വാക്സിന് കുത്തിവെപ്പ് നിരക്ക് കുറയുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള അതൃപ്തിയാണ് കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണമെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വ്യക്തമാക്കി.
അതേസമയം രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും സംസ്ഥാനത്തുണ്ടാകുന്ന വര്‍ദ്ധനവ് ഏറെ ആശങ്കയാണ്. ടി പി ആര് നിരക്കിലും ക്രമാതീതമായ വര്‍ദ്ധനവുണ്ടാകുന്നു. ചില പ്രവര്‍ത്തി ദിവസങ്ങളിലൊഴികെ കാര്യമായ കൊറോണ സാമ്പിള്‍ പരിശോധന നടത്താത്തതിനെതിരേ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: