കുമളി: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും വെള്ളം സംഭരിക്കുന്നത് താത്ക്കാലികമായി നിര്‍ത്തി. തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതിനാലാണ് ഈ നടപടി.
71 അടി പരമാവധി സംഭരണ ശേഷിയുള്ള വൈഗ അണക്കെട്ടില്‍ ഇപ്പോള്‍ 69.5 അടിയാണ് ജനനിരപ്പ്. പ്രദേശവാസികള്‍ ഭീതിയിലായതോടെ അധികൃതര്‍ മൂന്നാംവട്ട അപായ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ അണക്കെട്ടില്‍ നിന്നും 767 ഘനയടി വെള്ളമാണ് തമിഴ്നാട് സ്വദേശത്തേക്ക് കൊണ്ടുപോയിരുന്നത്. ഇവ ഉപയോഗിച്ച് രണ്ട് ജനറേറ്ററുകളില്‍ നിന്ന് 69 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. വെള്ളമൊഴുക്കുന്നത് നിര്‍ത്തിയതോടെ വൈദ്യുതി ഉത്പാദനവും നിലച്ചിരിക്കുകയാണ്. പിന്നീട് ഈ വെള്ളം എത്തുക വൈഗ ഡാമിലേക്കാണ്.
ഒരാഴ്ചക്കിടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഒന്‍പത് അടിയിലേറെയാണ് വെള്ളമുയര്‍ന്നത്. ഞായറാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130.65 അടിയാണ്. അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത് സെക്കന്‍ഡില്‍ 2483 ഘനയടി വെള്ളമാണ്. തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് താത്ക്കാലികമായി നിര്ത്തിയയോടെ അണക്കെട്ടില്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത.
സാധാരണയായി തുലാമഴയില്‍ ഉയരേണ്ട ജലനിരപ്പാണ് ഇപ്പോള്‍ കാലം തെറ്റിയെത്തിയ മഴയെ തുടര്‍ന്ന് കൂടുന്നത്. തമിഴ്നാട്ടില്‍ ലഭിക്കുന്ന മഴയുടെ ചെറിയോരു ഭാഗം അതിര്‍ത്തി മേഖലകളിലും ദിവസങ്ങളായി പെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: