കെഎസ്ആര്‍ടിസിയില്‍ പുതിയൊരു വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണല്ലോ. സ്ഥാപനം രക്ഷപ്പെടാത്തതിനു കാരണം ഒരു വിഭാഗം ജീവനക്കാരുടെ കുഴപ്പംകൊണ്ടാണെന്നും, ചില ജീവനക്കാര്‍ പണിയെടുക്കാതെ ഇഞ്ചികൃഷിയും മറ്റും ചെയ്യാന്‍ പോവുകയാണെന്നും കെഎസ്ആര്‍ടിസിയുടെ മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ മാധ്യമങ്ങളോട് പറഞ്ഞതാണ് വിവാദത്തിന് തുടക്കമായത്. തൊഴിലാളികളെ ഇങ്ങനെ അടച്ചാക്ഷേപിച്ചത് ശരിയായില്ലെന്നും, തെറ്റു ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടതെന്നും, പരസ്യ പ്രസ്താവന നടത്താന്‍ അധികാരമില്ലെന്നുമൊക്കെയാണ് യൂണിയനുകള്‍ പറയുന്നത്. പഴയ ടിക്കറ്റുകള്‍ യാത്രക്കാര്‍ക്കു നല്കി കബളിപ്പിക്കുന്നു, കിലോമീറ്ററുകള്‍ കൂട്ടിക്കാണിച്ച് ഡീസല്‍ അടിക്കുന്നതില്‍ കൃത്രിമം നടത്തി പണം തട്ടുന്നു എന്നൊക്കെയുള്ള ആക്ഷേപങ്ങളും ബിജു പ്രഭാകര്‍ ജീവനക്കാര്‍ക്കെതിരെ ഉന്നയിക്കുകയുണ്ടായി. ഇപ്പോഴത്തെ നിലയ്ക്ക് മുന്നോട്ടുപോയാല്‍ സ്ഥാപനം രക്ഷപ്പെടുന്ന പ്രശ്നമില്ലെന്നും, കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തണമെന്നും എംഡിക്ക് അഭിപ്രായമുണ്ട്. കാലാകാലങ്ങളില്‍ കെഎസ്ആര്‍ടിസിയുടെ ഭരണ സാരഥ്യം ഏറ്റെടുത്തവരൊക്കെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും, അവയൊക്കെ വിവാദങ്ങളില്‍ കലാശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ സ്ഥാപനം ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല.
ഇപ്പോഴത്തെ വിവാദം പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതാണെന്ന് കരുതാനാവില്ല. വളരെ ആസൂത്രിതമായ ചില കരുനീക്കങ്ങളുടെ ഫലമാണിതെന്ന് പറയേണ്ടിയിരിക്കുന്നു. നഷ്ടക്കണക്കുകള്‍ പറഞ്ഞ്, ഒരിക്കലും നന്നാവാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസി എന്നു വരുത്തിത്തീര്‍ക്കുന്നത് മറ്റ് ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്ന വിമര്‍ശനം ശക്തമാണ്. സ്വിഫ്റ്റ് എന്ന മറ്റൊരു കമ്പനി രൂപീകരിച്ച് ദീര്‍ഘദൂര സര്‍വീസുകളെ അതിലുള്‍പ്പെടുത്താനാണ് നീക്കം. ധനമന്ത്രി തോമസ് ഐസക്കിന്റെ അദ്ഭുതവിളക്കായ കിഫ്ബിയില്‍ നിന്നുള്ള പണവും ഇതിന് ലഭിക്കുമത്രേ. ഇതുമായി ബന്ധപ്പെട്ട് യൂണിയന് പ്രതിനിധികളുമായുള്ള ചര്‍ച്ച നടന്നുകഴിഞ്ഞു. എന്നാല്‍ ഇതൊരു ചതിക്കുഴിയാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. കെഎസ്ആര്‍ടിസിക്ക് സമാന്തരമായി കമ്പനി രൂപീകരിക്കുന്നത് സ്ഥാപനത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാക്കും. ദീര്‍ഘദൂര ബസുകളില്‍നിന്നുള്ള വരുമാനം ഈ കമ്പനിയിലേക്ക് പോകുന്നതോടെ കോര്‍പ്പറേഷന്റെ വരുമാനം നാമമാത്രമാവും. സിറ്റി സര്‍വീസുകളും പുതിയ കമ്പനിയുടെ കീഴിലാക്കാനാണ് ആലോചന. പുതുതായി രൂപീകരിക്കുന്ന കമ്പനിയിലേക്ക് പുതിയ ജീവനക്കാരെയാണ് എടുക്കുക. ഫലത്തില്‍ കോര്പ്പറേഷന് തന്നെ ഇല്ലാതാകും. ഇത് അനുവദിക്കാനാവില്ലെന്ന നിലപാടാണ് പല യൂണിയനുകള്‍ക്കുമുള്ളത്.
നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാരുകള്‍ അവയുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനെതിരെ കോലാഹലമുണ്ടാക്കുന്നവരാണ് കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പുതന്നെ അപകടത്തില്‍പ്പെടുത്തി അതിന്റെ മൂലധനം ഉപയോഗിച്ച് സ്വകാര്യകമ്പനി രൂപീകരിക്കുന്നത്. സര്‍ക്കാരിന്റെ നയമാണിതെന്ന് കെഎസ്ആര്‍ടിസിയുടെ എംഡി ആവര്‍ത്തിക്കുമ്പോഴും ഇടതുപാര്‍ട്ടികള്‍ക്കും യൂണിയനുകള്‍ക്കും മിണ്ടാട്ടമില്ല. യഥാര്‍ത്ഥത്തില്‍ പൊതുഗതാഗതം സേവനമേഖലയായി കണ്ട് സഹായിക്കാന്‍ തയ്യാറായാല്‍ തീരാവുന്ന പ്രശ്നങ്ങളെ കെഎസ്ആര്ടിസിക്കുള്ളൂ. കെഎസ്ആര്‍ടിസിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 30 ശതമാനം സര്‍ക്കാരിലേക്ക് നികുതിയായി പോവുകയാണ്. കെഎസ്ഇബിയില്‍ നിന്നും വെറും നാല് ശതമാനമാണ് നികുതിയായി ഈടാക്കുന്നതെന്ന് ഓര്‍ക്കുക. മറ്റ് സംസ്ഥാനങ്ങളില്‍ പൊതുഗതാഗതത്തിനുള്ള ബസ്സുകള്‍ നല്‍കുന്നത് അതത് സര്‍ക്കാരുകളാണ്. നരേന്ദ്ര മോദി ഗുജറാത്തില്‍ അധികാരമേറ്റപ്പോള്‍ 1000 ബസ്സുകളാണ് നല്‍കിയത്. പിണറായി സര്‍ക്കാര്‍ നാലര വര്‍ഷത്തിനിടെ നല്‍കിയത് വെറും 110 ബസ്സുകളാണ്. എന്തു ചെയ്താലും നന്നാവാത്ത വെള്ളാനയാണ് കെഎസ്ആര്‍ടിസി എന്ന ധാരണ ശരിയല്ല. സര്‍ക്കാര്‍ നല്കുന്ന ധനസഹായം കടത്തിലേക്കാണ് പോകുന്നത്. അതൊന്നും കെഎസ്ആര്‍ടിസിയുടെ വികസനത്തിന് വിനിയോഗിക്കപ്പെടുന്നില്ല. കാര്യങ്ങളെ കറുപ്പിലും വെളുപ്പിലും കാണാതെ യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നടപടികളെടുത്താല്‍ തീരാവുന്ന പ്രശ്നങ്ങളേ കെഎസ്ആര്ടിസിയിലുള്ളൂ. അതു ചെയ്യാതെ സ്വകാര്യവത്കരണവുമായി മുന്നോട്ടുപോകുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: