ന്യൂദല്‍ഹി: നേപ്പാള്‍, ഭൂട്ടാന്, ശ്രീലങ്ക, ബംഗ്ലാദേശ്, മ്യാന്മര്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യ വാക്സിന് എത്തിച്ചു തുടങ്ങും. അയല്‍രാജ്യങ്ങളോടുള്ള സൗഹാര്‍ദ്ദം എന്ന നിലയ്ക്ക് സൗജന്യമായിട്ടാകും ആദ്യം വാക്സിന് നല്‍കുക.
പിന്നീട് വേണ്ടിവരുന്നവ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങേണ്ടിവരും.മിക്ക അയല്‍രാജ്യങ്ങളും ഇന്ത്യയോട് വാക്സിന് ആവശ്യപ്പെട്ടിട്ടുണ്ട്. നേപ്പാളാണ് ഏറ്റവും ഒടുവില്‍ ഈ ആവശ്യം ഉന്നയിച്ചത്. ബംഗ്ലാദേശും മ്യാന്മറും സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. ശ്രീലങ്കയും ഉടന്‍ കരാറുണ്ടാക്കും. ആദ്യ ഘട്ടം കഴിഞ്ഞ് നല്കുന്ന വാക്സിനും കുറഞ്ഞ വില മാത്രമേ ഈടാക്കൂയെന്നാണ് സൂചന. ബ്രസീലിലെ ഫിയോക്രൂസ് ഇന്‍സ്റ്റിറ്റ്യൂട്ടും യുഎഇ, സൗദി, മൊറോക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞു.
ഇന്ത്യയില്‍ ആവശ്യത്തിന് വാക്സിന് ഉത്പാദിപ്പിച്ചു കഴിഞ്ഞാല്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കും. നിതി ആയോഗ് അംഗം ഡോ.വി.കെ. പോള്‍ അധ്യക്ഷനായ ദേശീയ കൊറോണ വാക്സിന് വിദഗ്ധ സമിതി അന്തിമ തീരുമാനം നല്‍കിയാലുടന്‍ ഈ രാജ്യങ്ങള്‍ക്കും നല്കിത്തുടങ്ങും. ബ്രസീല്‍, വിമാനം വരെ തയാറാക്കി നിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ആദ്യം ബ്രസീലിനാകും നല്‍കുക. അവര്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: