മറയൂര്‍: തമിഴ്നാട്ടിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ അലങ്കനല്ലൂര്‍ ജെല്ലിക്കെട്ട് ആവേശമായി. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ നടക്കുന്ന നൂറ് കണക്കിന് ജെല്ലിക്കെട്ടുകളില്‍ ഏറ്റവും പ്രശസ്തമായതാണ് മധുരയിലെ അലങ്കനല്ലൂര്‍ ജെല്ലിക്കെട്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ അലങ്കനല്ലൂരിലേക്ക് ഒഴുകിയെത്തിയാണ് ജെല്ലിക്കെട്ടിന്റെ ആവേശത്തില്‍ പങ്കാളികളാകുന്നത്.
പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ ആരംഭിച്ച അലങ്കനല്ലൂര്‍ ജെല്ലിക്കെട്ട് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പന്നീര് സെല്‍വം എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. 800 ജെല്ലിക്കെട്ട് കാളകളും 655 യുവാക്കളും ജെല്ലിക്കെട്ടില്‍ പങ്കാളികളായി.
ജെല്ലിക്കെട്ടില്‍ പന്ത്രണ്ട് കാളകളെ പിടികൂടിയ മധുര വീരാട്ടിപ്പെട്ടി സ്വദേശി കണ്ണന് ആറ് ലക്ഷം രൂപയുടെ കാര്‍ സമ്മാനമായി നല്കി. 10 കാളകളെ പിടികൂടിയ അരിട്ടാപ്പെട്ടി സ്വദേശി കറുപ്പണ്ണന് രണ്ടാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന കറവപശുക്കളെ നല്കി. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും കാളകളുടെ ഉടമകള്‍ക്കും സ്വര്‍ണ്ണനാണയങ്ങള്‍, ബൈക്ക്, കറവപശുക്കള്‍, കാളകള്‍ എന്നിവയാണ് സമ്മാനങ്ങള്‍.
മധുര ഉസലാമ്പെട്ടി സ്വദേശിയായ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള കാളയെ ജല്ലിക്കെട്ട് കാളയായി തെരഞ്ഞെടുത്തു. ഉടമയ്ക്ക് ആറ് ലക്ഷം രൂപയുടെ കാറായിരുന്നു സമ്മാനം. രണ്ടാം സ്ഥാനത്ത് എത്തിയ ജെല്ലിക്കെട്ട് കാളയുടെ ഉടമയായ മധുര മേലമട സ്വദേശി അരുണിന് ബൈക്ക് സമ്മാനമായി നല്കി. തമിഴ്നാട് റവന്യു മന്ത്രി ആര്.ബി. ഉദയകുമാര്‍, സഹകരണ വകുപ്പ് മന്ത്രി സെല്ലൂര്‍ കെ. രാജു, വനം വകുപ്പ് മന്ത്രി സി. ശ്രീനിവാസന് എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: