തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍. ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണ കുറിപ്പോടുകൂടിയാണ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. മസാല ബോണ്ടില്‍ കേന്ദ്രത്തിന്റെ അവകാശത്തിനുമേല്‍ സംസ്ഥാനം കടന്നുകയറിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മസാല ബോണ്ടുകള്‍ വഴി വിദേശത്തുനിന്ന് ധനം സമാഹരിച്ചത് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
വിദേശ കടമെടുപ്പുകള്‍ക്കുള്ള അധികാരം കേന്ദ്രത്തിനു മാത്രമുള്ളതാണ്. മറ്റുള്ള സംസ്ഥാനങ്ങളും ഈ രീതി പിന്തുടര്ന്നാല് അത് ഏത് രീതിയില്‍ രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നത് ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കിഫ്ബിയുടെ കടമെടുപ്പ് സര്‍ക്കാരിന് ബാധ്യതയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആകസ്മിക ബാധ്യതകളെന്ന സര്‍ക്കാര്‍ നിലപാട് ആശ്ചര്യകരം. പെട്രോളിയം സെസ്, നികുതി വരുമാനം എന്നിവയിലൂടെയാണ് തിരിച്ചടവ് നടത്തുന്നത്.
വരുമാന ശ്രോതസില്ല. 2018 മുതല്‍ 2019 വരെ കടമെടുത്തത് 3106.57 കോടി രൂപയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കിഫ്ബി തിരിച്ചടവ് നിര്‍ത്തുകയാണെങ്കില്‍ മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള ബാധ്യതയുണ്ടാവുകയുള്ളൂവെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഈ വാദങ്ങള്‍ സിഎജി റിപ്പോര്‍ട്ട് തള്ളുന്നു. പെട്രോളിയം സെസില്‍നിന്നും വാഹനനികുതിയില്നിന്നും ഈ കടങ്ങള്‍ പൂര്‍ണമായും അടച്ചുതീര്‍ക്കുന്ന ഒരു സ്ഥാപനത്തിന്റെ കടബാധ്യത സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കടബാധ്യതയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: