തിരുവനന്തപുരം: ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളുടെ മറപിടിച്ച് കെഎസ്ആര്‍ടിസിയെ കിഫ്ബിയുടെ കീഴിലാക്കാന്‍ നീക്കം. ഇതോടെ പൊതു ഗതാഗതത്തെ സേവന മേഖലയില്‍ നിന്നും സ്വകാര്യ മേഖലയിലേക്ക് ഘട്ടം ഘട്ടമായി മാറ്റും. സംസ്ഥാനത്ത് സ്വകാര്യ കമ്പനികള്‍ ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുന്ന രീതിയിലാകും.
ആദ്യഘട്ടം എന്ന നിലയില്‍ കിഫ്ബിക്ക് കെട്ടിടം പണിയാന്‍ വികാസ് ഭവന് ഡിപ്പോ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലയുള്ള ഭൂമി നല്‍കരുതെന്ന് ജീവനക്കാര്‍ വാദിക്കുന്നു. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഡിപ്പോയുടെ സ്ഥലവും സാമൂഹിക ക്ഷേമ വിഭാഗത്തിന് നല്‍കണമെന്ന് കിഫ്ബി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ഇതിനകം വിവിധ ആവശ്യങ്ങള്‍ക്കായി വിട്ടു നല്കിയ ഭൂമിക്കൊന്നും യാതൊരു പ്രതിഫലവും കെഎസ്ആര്‍ടിസിക്ക് ലഭിച്ചിട്ടില്ല. തമ്പാനൂര്‍ ഡിപ്പോയില്‍ പണിത ബഹുനില ഷോപ്പിങ് കോംപ്ലക്സിലെ വരുമാനം ലഭിക്കുന്നത് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന്(കെടിഡിഎഫ്സി). ഇതേ രീതിയില്‍ മറ്റ് ഡിപ്പോകളില്‍ പണിത ഷോപ്പിങ് കോംപ്ലക്സുകളുടെ വരുമാനവും കെടിഡിഎഫ്സിക്കാണ്. കോംപ്ലക്സ് സമുച്ചയം പണിതതിന്റെ പണവും പലിശയും പൂര്‍ണമായും ലഭിച്ചതിനു ശേഷമേ കെഎസ്ആര്‍ടിസിക്ക് ഷോപ്പിങ് കോംപ്ലക്സ് വിട്ടു നല്‍കൂ എന്നാണ് കെടിഡിഎഫ്സി അറിയിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ ഈഞ്ചയ്ക്കലില്‍ ഇന്ത്യന്‍ ഓയില്‍ കോര്പ്പേറേഷന് കെഎസ്ആര്‍ടിസിയുടെ സ്ഥലം വിട്ടു നല്‍കിയിട്ടുണ്ട്. ഇതിന്റെ വാടകയും കോര്പ്പറേഷന് നല്‍കുന്നില്ല. കെടിഡിഎഫ്സിക്ക് പണം നല്കി ഷോപ്പിങ് കോംപ്ലക്സുകള്‍ കിഫ്ബിക്കു കീഴിലാക്കാന്‍ നീക്കം തുടങ്ങി.
കോര്‍പ്പറേഷനില്‍ സ്വിഫ്റ്റ് എന്ന പേരില്‍ ഒരു കമ്പനികൂടി രൂപീകരിക്കാന്‍ തീരുമാനമായി. ഈ കമ്പനി പൂര്‍ണമായും കിഫ്ബിയുടെ കീഴിലായിരിക്കും. പുതിയ ബസുകള്‍ വാങ്ങി നല്‍കുന്നതും സ്വിഫ്റ്റിനാണ്. ഇതോടെ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന സാമ്പത്തിക സഹായം ക്രമേണ നിര്‍ത്തലാക്കും. നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കെഎസ്ആര്‍ടിസിയെ സ്വിഫ്റ്റിലേക്ക് ലയിപ്പിക്കും. ഇതിലൂടെ സര്‍ക്കാരിന് നേടാനാകുന്നത് കോടിക്കണക്കിന് രൂപയുടെ കെഎസ്ആര്‍ടിസിയുടെ സ്വത്ത് വകകളും. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും കമ്പനിയുടെ കീഴിലാക്കും. ആസ്തി കാണിച്ച് കോടിക്കണക്കിന് രൂപയുടെ വായ്പയും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ സര്‍ക്കാരിന് എടുക്കാനുമാകും.
അതേസമയം, കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ ദിവസം എംഡി നടത്തിയ വാര്‍ത്താസമ്മേളനവും അതിനു പിന്നാലെ ഉണ്ടായ വിവാദങ്ങളും ആസൂത്രിതമെന്ന് കരുതുന്നു. സംസ്ഥാന ബജറ്റിനു പിന്നാലെയാണ് വാര്‍ത്താ സമ്മേളനവും പ്രതിഷേധങ്ങളും ഉടലെടുത്തത്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് സര്‍ക്കാര്‍ ഏറ്റെടുക്കും, കോര്‍പ്പറേഷന്റെ കടം സര്‍ക്കാര്‍ നല്‍കും. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തും എന്നൊക്കെ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഓരോ ബജറ്റ് കഴിയുമ്പോഴും വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് ഐസക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവസാന ബജറ്റിലും വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഒതുങ്ങി.
ഇതോടെ ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധം ഉടലെടുത്തതിനു പിന്നാലെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടത്. ജീവനക്കാര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച എംഡി ബിജു പ്രഭാകറിന്റെ ആവേശം ഇന്നലെയോടെ തണുത്തിട്ടുണ്ട്. താന്‍ പറഞ്ഞത് ജീവനക്കാര്‍ക്കെതിരെ അല്ലെന്നും പകരം ചീഫ് ഓഫീസിലെ ചിലരെ പറ്റിയാണെന്നും ഫേസ്ബുക്കിലൂടെ എംഡി പ്രതികരിച്ചിട്ടുണ്ട്.
100.75 കോടി രൂപയുടെ ക്രമക്കേടു നടന്നത് കണ്ടെത്തിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. ധനകാര്യ വിഭാഗത്തിന്റെ കീഴില്‍ ഇതിന്റെ റിപ്പോര്‍ട്ടുമുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി വായ്പ എടുത്തതില്‍ പലിശ കണക്കാക്കുന്നതിലും പുനര്‍ വായ്പയിലുമാണ് ക്രമക്കേടെന്നുമാണ് അന്ന് പറഞ്ഞിരുന്നത്. ഇപ്പോള്‍ പെന്ഷന് വിഭാഗത്തില്‍ പറ്റിയ പിഴവാണെന്നും പറയുന്നു. അന്ന് നടപടി സ്വീകരിക്കാതെ ബജറ്റിന്റെ പിറ്റേ ദിവസം ക്രമക്കേടു നടത്തിയ ഓഡിറ്റ് വിഭാഗം എക്സിക്യൂട്ടിവ് ഓഫീസര്‍ ശ്രീകുമാറിനെതിരെ നടപടി സ്വീകരിച്ചതും ആസൂത്രിതമെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: