തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണ പരാജയം മറച്ചുവയ്ക്കാനും ജീവനക്കാരെ ഇല്ലാതാക്കുകയും സ്ഥാപനത്തിന്റെ സ്വത്ത് വകകള്‍ വിറ്റുതുലച്ച് സ്വകാര്യവത്കരിക്കാനുള്ള നടപടി മറച്ചുവയ്ക്കാനുമാണ് തൊഴിലാളികളെ പഴി പറയുന്നതെന്ന് ബിഎംഎസ്. ഭരണപരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സര്‍ക്കാരിന്റെ നാവായി കെഎസ്ആര്‍ടിസി എംഡിയെ ഉപയോഗിച്ച് തൊഴിലാളികളെ അപമാനിച്ചത്. ഒരു തൊഴിലാളി സംഘടനയും ഡീസല്‍ ബസുകള്‍ സിഎന്‍ജി, എല്‍എന്‍ജി മാറ്റുന്നതിനെ നാളിതുവരെ എതിര്‍ത്തിട്ടില്ല. ഒരു സിഎന്‍ജി ബസ് പോലും ഇല്ലാത്തപ്പോള്‍ കോടികള്‍ വിലയുള്ള തിരുവനന്തപുരം ആനയറയിലെ ഭൂമി ഐഒസിക്ക് കൈമാറിയതിനെയാണ് എതിര്‍ത്തത്. ഇതുവരെ ഒരു നയാ പൈസാ പോലും അതില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് വാടക ലഭിച്ചിട്ടില്ല.
എസി വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്ത് തൊഴിലാളികള്‍ ഉറങ്ങുന്ന സംഭവം ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന എന്‍സിപിയുടെയുടെ നേതാവ് വിക്രം പുരുഷോത്തമനോട് ചോദിക്കണം. അദ്ദേഹത്തിന്റെ വാടക ബസ് ആര്‍ടിസിയുടെ ഡീസല്‍ നിറച്ച് ബെംഗളൂരുവില്‍ ചെല്ലുമ്പോള്‍ അതിലെ ജീവനക്കാരാണ് പകല്‍ മുഴുവനും സ്റ്റാര്‍ട്ട് ചെയ്ത് എസി ഉപയോഗിച്ചതായി കണ്ടെത്തിയത്.
സൂപ്പര്‍ ക്ലാസ് സര്‍വീസുകളും റൂട്ടുകളും പ്രത്യേക കമ്പനിയാക്കി കേരളത്തിലെ ഇടതുപക്ഷത്തിന്റെ സാമന്തന്മാരായ വിദേശ മലയാളി ബിസ്സിനസുകാര്ക്ക് കേരളത്തിലെ പൊതുഗാതാഗതം അടിയറവയ്ക്കാനുള്ള നീക്കമാണ് സ്വിഫ്റ്റ്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇളിഭ്യനായതില് നിന്നു മുഖം രക്ഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയെക്കൊണ്ട് തൊഴിലാളികള്‍ക്കെതിരെ പുലഭ്യം പറയിക്കുകയാണെന്നും കെഎസ്ടിഇ സംഘ് ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: