തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന കേന്ദ്രമായ ശിവഗിരിയോട് സിപിഎമ്മിന്റെ പകപോക്കല്‍. രണ്ടു വര്‍ഷമായി തടഞ്ഞുവച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്കാന് സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റിയും സര്‍ക്കാരും ചെറുവിരല്‍ അനക്കുന്നില്ല. സര്‍ക്കാരും ശ്രീനാരായണ ഗുരുദേവനെ ആരാധിക്കുന്നവരും നല്കിയ കോടിക്കണക്കിന് പണം ഉപയോഗിച്ച് ആരംഭിച്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാടുമൂടി. സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ ഭരണസമിതിയുടെ നിലപാടു മൂലമാണിത്.
ശിവഗിരിയെയും മഠത്തെയും കളങ്കപ്പെടുത്തുകയും ഗുരുഭക്തരെ അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന തരത്തിലാണ് മുന്‍ ഭരണസമിതി പെരുമാറിയത്. ശിവഗിരിയുമായി ബന്ധപ്പെട്ട മുഴുവന്‍ പണികളും യാതൊരു നീതീകരണവുമില്ലാതെ നിര്‍ത്തിവയ്പ്പിച്ചു. 14 കോടിക്ക് നിര്‍മിക്കുന്ന തീര്‍ത്ഥാടനപ്പന്തലിന്റെ പണി പൂര്‍ത്തിയാകും മുന്‍പ് തടഞ്ഞു. അന്നക്ഷേത്രത്തിന്റെ പണി തടഞ്ഞു. കോഫി ഹൗസ് പൂട്ടിച്ചു. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ പണി നിര്‍ത്തിച്ചു. ചുറ്റുമതില്‍ കെട്ടുന്നത് തടഞ്ഞു.
പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ സഹായത്താലാണ് പന്തല്‍ പണി തുടങ്ങിയത്. ഏഴു കോടി അനുവദിച്ചു നിര്‍മാണം മുന്നേറിയപ്പോഴാണ് സിപിഎമ്മിലെ ചിലരുടെ പിന്തുണയോടെ പന്തല്‍ നിര്‍മാണത്തിനെതിരെ നീക്കം. ജലസ്രോതസ് തടസപ്പെടുത്തിയെന്നായിരുന്നു വാദം. എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുന്‍പേ കരിങ്കല്‍ ഭിത്തികെട്ടി വഴി മാറ്റിയ ജലസ്രോതസ് വര്‍ക്കല ടണലില്‍ ചെന്നു ചേരുകയാണ്.
നമുക്ക് ജാതിയില്ലാ വിളംബരം സ്മാരക മ്യൂസിയം നിര്‍മിക്കാന്‍ പ്രൊജക്ട് റിപ്പോര്‍ട്ട് 2016ലാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. 2017 മാര്‍ച്ചില്‍ ആദ്യ ഗഡുവായി അഞ്ചു കോടി രൂപ അനുവദിച്ചു. 2017 ആഗസ്റ്റില്‍ മുഖ്യമന്ത്രി ശിലാസ്ഥാപനം നിര്‍വഹിച്ചു. 2018ല്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെയും എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ഭൂമി പൂജ നടത്തിയിരുന്നു.
1926ല്‍ ശ്രീനാരായണഗുരുദേവന്‍ സമര്‍പ്പണമായി ചെന്നൈ സ്വദേശിയായ ഭക്തന് സമര്‍പ്പിച്ച ശിവഗിരി ഗസ്റ്റ് ഹൗസ് നില്ക്കുന്ന ഭൂമിയിലാണ് മ്യൂസിയം നിര്‍മാണം ആരംഭിക്കാന്‍ തീരുമാനിച്ചത്. അപേക്ഷ മാറ്റിവച്ചു. ആവശ്യമായ രേഖകള്‍ എത്തിച്ചപ്പോള്‍ 3000 ചതുരശ്ര അടിയില്‍ കൂടുതലായതിനാല്‍ ടൗണ്‍ പ്ലാനിങ്ങിന്റെ അനുമതി വേണമെന്നു പറഞ്ഞു. ഇതിനിടെ സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കേണ്ടതിനാല്‍ നിര്‍മാണം ആരംഭിച്ചിരുന്നു. 20 വര്‍ഷം മുമ്പ് വികസനത്തിന് തയാറാക്കിയ ഡിറ്റിപി സ്കീമില്‍പ്പെട്ട സര്‍വെ ആയതിനാല്‍ അനുമതി കിട്ടില്ലെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചത്.
2018 ഡിസംബറില്‍ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചു. നടത്തിയ നിര്‍മാണം പൊളിച്ചുനീക്കാനും ആവശ്യപ്പെട്ടു. ശിവഗിരി മഠം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ മഠം സമര്‍പ്പിച്ച സര്‍വെ നമ്പറില്‍ റോഡുകളൊന്നും ഇല്ലെന്നായിരുന്നു മുനിസിപ്പാലിറ്റിയുടെ മറുപടി. ശിവഗിരി വഴിയുള്ള നിര്‍ദിഷ്ട ബൈപ്പാസ് റോഡ് സര്‍വെ, റിവൈസ്ഡ് അലൈന്മെന്റ് പ്രകാരം കടന്നുപോകുന്നത് മഠത്തിന്റെ വകയായ സര്‍വെ നമ്പര്‍ 94ല്‍ ഉള്‍പ്പെട്ട ഭൂമിയിലൂടെയാണെന്നും വ്യക്തമായി.
ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ പദ്ധതി സ്ഥലം ഡിറ്റിപി സ്കീമില്‍ നിന്ന് ഒഴിവാക്കി മുനിസിപ്പാലിറ്റി പ്രമേയം പാസാക്കി നല്‍കണമെന്ന് നിര്‍ദേശിച്ചു. എന്നാല്‍, മുനിസിപ്പാലിറ്റി അനങ്ങിയില്ല. ഇതിനിടെ ശിവഗിരി മട്ടിന്‍മൂട്ടില്‍ നിന്ന് പുന്നമൂട്ടിലേക്കുള്ള ബൈപ്പാസിന് ശിവഗിരി മഠം എതിരു നില്‍ക്കുകയാണെന്ന് സഖാക്കള്‍ വ്യാപക പ്രചാരണവും നടത്തി. മുനിസിപ്പാലിറ്റിയുടെ നിലപാടിനെതിരെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ട്രൈബ്യൂണലിനെ സമീപിച്ച് കാത്തിരിക്കുകയാണ് ഇപ്പോള്‍ മഠം.
ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വി. ജോയി എംഎല്‍എ പ്രതികരിച്ചത്. നരേന്ദ്ര മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശിവഗിരിയിലെത്തിച്ചതു മുതല്‍ ശിവഗിരി മഠവുമായി സിപിഎം അകല്‍ച്ചയിലാണ്. ഗുരുദേവനുമായി ബന്ധപ്പെട്ട് സിപിഎം നിലപാടുകള്‍ക്കെതിരെ മഠം പ്രതികരിച്ചതും ഗുരുദേവപ്രതിമ പൊതുസ്ഥലത്ത് സ്ഥാപിക്കുന്നതിനെ മഠം എതിര്‍ത്തതുമൊക്കെ സര്‍ക്കാരിന് മഠത്തിനോട് അതൃപ്തിയുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: