ഈശ്വരന്റെ സമഗ്ര സാന്നി ധ്യം അനുഭവിപ്പിക്കുകയാണ് ഈശാവാസ്യോപനിഷത്ത്. ജ്ഞാനവും കര്‍മവും മോക്ഷത്തിനുള്ള ഉപകരണങ്ങളാണെ് ഈ ഉപനിഷത്ത് ഋജുലളിതമായി പഠിപ്പിക്കുന്നു. മഹത്തായ ഭാരതീയ വേദാന്തത്തിന്റെ സാഫല്യമാണ് ഈ ചെറിയ ഉപനിഷത്ത്.
ജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും ഉദ്ഗ്രഥനമാണ് ഈ ഉപനിഷത്ത് നിര്‍വഹിക്കുന്നത്. അതിനായി സമസ്ത വൈരുദ്ധ്യങ്ങളേയും ഈശം സമന്വയിപ്പിക്കുന്നു. പ്രപഞ്ചം, ഈശ്വരന്‍, ഭോഗം, ത്യാഗം, കര്‍മം ജ്ഞാനം, അനേകം, ഏകത, വിദ്യ, അവിദ്യ, സംഭൂതി, അസംഭൂതി ഇവകളെ ജ്ഞാനാത്മകമായും പ്രായോഗികമായും പൊരുത്തപ്പെടുത്തുകയാണ് ഈശാവാസ്യം. ശ്രീശങ്കരന്റെ ഭാഷയില്‍ ‘സ്ഥാവരാന്തമായ’ എല്ലാ വസ്തുക്കളേയും തന്നിലും തന്റെ സര്‍വഭൂതങ്ങളിലും അനുഭവിച്ചറിയുന്ന ഒരാള്‍ ഒന്നിനേയും വെറുക്കുകയോ, ഒന്നിനെപ്പറ്റിയും ദുഃഖിക്കുകയോ, ഒന്നിനും വേണ്ടി മോഹിക്കുകയോ ചെയ്യില്ല. ഇതാണ് പരമമായ അദൈ്വതം എന്ന അനുഭവം.
ഈശത്തിലെ 17 ാം മന്ത്രം നമുക്കിങ്ങനെ വായിക്കാം.
‘വായുരനിലമമൃതം അഥേദം
ഭസ്മാന്തം ശരീരം
ഓംക്രതോസ്മര കൃതം സ്മര,
ക്രതോസ്മര, കൃതം സ്മര’
പഞ്ചഭൂതാത്മകമായ ശരീരമല്ല, വ്യക്തി. ശരീരം, ഭസ്മാന്തമായിതീരുന്നു. പഞ്ചപ്രാണങ്ങളും വായുതത്വത്തില്‍ വിലയിക്കുന്നു. ബാക്കി നില്‍ക്കുന്നത് ‘കൃതം’ മാണ്. വ്യക്തി ചെയ്തതെന്തോ, അത് പ്രവൃത്തി അഥവാ കര്‍മം. അതാണ് കൃതം. ‘അതിനെ സ്മരിക്കുക’ എന്നാവര്‍ത്തിച്ച് ഉല്‍ബോധിപ്പിക്കുകയാണ് ഈശാവാസ്യ മഹര്‍ഷി. വരും തലമുറകള്‍ക്ക് ഓര്‍മിക്കാനാവുന്ന കൃത (കര്‍മം) ങ്ങളാല്‍ ആ വ്യക്തി, മരണത്തെ അതിജീവിക്കുന്നു. കാമകര്‍മത്തിലൂടെ വ്യക്തി മരണത്തെ തരണം ചെയ്ത്, അനശ്വരനാകുന്നു. വ്യാസനും വാത്മീകിയും ഗാന്ധിജിയുമൊക്കെ ജീവിച്ചിടുന്നു സ്മൃതിയില്‍. ‘ക്രതോ’ എന്ന് വിളിക്കുന്നത് അഗ്നിദേവനെയാണ്. സമസ്ത ശരീരവും ഏറ്റുവാങ്ങി, ഒരു
പിടി ചാരമാക്കുന്നത് അഗ്നിയാണല്ലോ? പഞ്ചഭൂതാത്മകമായ ശരീരത്തിന്റെ വിനാശത്തോടൊപ്പം ഭസ്മാന്തകമാകാത്ത ‘കൃത’ ത്താല്‍ മൃത്യുവിനെ തരണം ചെയ്യുന്നു. നിഷ്‌കാമകര്‍മത്തിന്റെ സംഭൂതിയാല്‍ മഹാന്മാര്‍ അമൃതത്വം നേടുന്നു.
ഈശാവാസ്യത്തിന്റെ സന്ദേശമിതാണ്. കര്‍മങ്ങളാല്‍ അമരത്വം ആര്‍ജിക്കുക. അതിനുള്ള മുന്നൊരുക്കങ്ങളാണ് ‘തേനത്യക്തേന ഭുഞ്ജീഥ’ യും ‘കസ്യ സിദ്ധന’ വുമൊക്കെ. ജ്ഞാനകര്‍മങ്ങളാലേ, ഒരുവന് ക്രമമുക്തിയിലൂടെ ബ്രഹ്മലോക പ്രാപ്തി ഉണ്ടാവുകയുള്ളൂ. ബ്രഹ്മം അഥവാ ആത്മാവ് എല്ലാ ദ്വന്ദ്വങ്ങള്‍ക്കും അതീതമാണല്ലോ? നന്മതിന്മകളും സുഖദുഃഖങ്ങളും ദിനരാത്രങ്ങളുമെല്ലാം ബ്രഹ്മലോകത്തില്‍ അസ്തമിക്കുന്നു. ശോകമോ, ശീതമോ ഇല്ലാത്ത ഒരു ശാശ്വത ലോകം.
ബ്രഹ്മലോകത്തില്‍ സുകൃതമോ, ദുഷ്‌കൃതമോ, ഇല്ല. എല്ലാ പാപങ്ങളും അവിടെ നിന്നും പിന്തിരിയുന്നു. പാപമില്ലത്തതെവിടെയോ, അവിടമാണ് ബ്രഹ്മലോകം. വിശുദ്ധിയുടെ വിളനിലവും പാപത്തിന്റെ ചിതാഭൂമിയുമാണ് ബ്രഹ്മലോകം. ത്രിലോകങ്ങളിലും ഒരുവന്‍ അമരനാകുന്നത് പുണ്യകര്‍മത്താല്‍ മാത്രം. ‘ക്രതം സ്മര’ (ആ ചെയ്തികളാല്‍) ‘അമൃതം അശ്‌നുതേ’ (അമരത്വത്തെ പ്രാപിക്കുന്നു).
ശ്രീനാരായണഗുരു അതിലളിതമായി ഈശാവാസേ്യാപനിഷത്ത് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഗുരു ഈ ഉപനിഷത്തു മാത്രമാണ് തെരഞ്ഞെടുത്തത്. പടിഞ്ഞാറും കിഴക്കുമുള്ള ചിന്തകന്മാരെയൊന്നാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇൗശാവാസ്യോപനിഷത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: