കെ.എസ്. നാരായണന്
കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി
ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ആറര പതിറ്റാണ്ടോളം ചിട്ടയായ പ്രവര്‍ത്തനവും അസാധാരണ സംഘടനാ പാടവവും പ്രകടിപ്പിച്ച നേതാവായിരുന്നു പി.എന്‍.ഗോപാലകൃഷ്ണന്. സംഘടനാപ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹം പിഎന്‍ജി എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.
ചെറുപ്പത്തിലെ ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. 1958ല്‍ കോട്ടയത്തിനടുത്തുള്ള വേളൂര്‍ ശാഖയില്‍ ആയിരുന്നു തുടക്കം. അന്ന് കോട്ടയം താലൂക് സംഘചാലക് ആയിരുന്ന ബാലന് ചേട്ടന് ആണ് പിഎന്‍ജി യെ ശാഖയില്‍ കൊണ്ടുവന്നത്.
വേളൂരില്‍ നിന്ന് അതിരമ്പുഴയിലേക്കും പിന്നീട് ഏറ്റുമാനൂരിലേക്കും താമസം മാറ്റി. ഇവിടങ്ങളിലൊക്കെ സംഘ ശാഖകളുടെ പ്രവര്‍ത്തനം നടത്താന്‍ പിഎന്‍ജി ശ്രദ്ധ ചെലുത്തിയിരുന്നു. സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് വിരമിച്ചശേഷം കൂടുതല്‍ സമയവും ആര്‍എസ്എസിന്റെയും കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെയും പ്രവര്‍ത്തങ്ങളില്‍ നിറ സാന്നിധ്യമായി.
1981ല്‍ ഏറ്റുമാനൂര്‍ ക്ഷേത്ര മോഷണവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത് മുന്‍നിരയില്‍ തന്നെ അദ്ദേഹം ഉണ്ടായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് അധികൃതരുടെ ശ്രദ്ധയിലെത്തിച്ച് പരിഹാരം കണ്ടു. ഏറ്റുമാനൂരിലെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം എത്തിച്ചേരാത്ത ഇടങ്ങള്‍ വിരളം.
ഏറ്റുമാനൂര്‍ എന്‍എസ്എസ് കരയോഗം, ഹിന്ദുമത പാഠശാല, ക്ഷേത്രോപദേശക സമിതി, ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, ജേസീസ് എന്നിവയിലെല്ലാം ഭാരവാഹിയായിരുന്നു. ഹിന്ദുമത പാഠശാലയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലയ്ക്കല്‍ പ്രക്ഷോഭം, മാറിടം ക്ഷേത്ര സമരം, ഉഴവൂര്‍ കാണിക്കമണ്ഡപം സമരം, മാതൃമല ക്ഷേത്രവുമായി ബന്ധപ്പെട്ട സമരം, ശബരിമല പ്രക്ഷോഭം എന്നിവയിലൊക്കെ നേതൃസ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു. ക്ഷേത്രം ഏതായാലും പ്രക്ഷോഭങ്ങളില്‍ പി.എന്‍.ജിയുടെ ‘മുഷ്ടി’ എന്നും ഉയര്‍ന്നു നിന്നിരുന്നു. ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിദ്ധീകരണമായ ക്ഷേത്രശക്തി മാസികയുടെ ഓഫീസായി പ്രവര്‍ത്തിച്ചത് അദ്ദേഹത്തിന്റെ ഭവനമായിരുന്നു. ഇതിന്റെ ഉള്ളടക്കം മുതല്‍ വിതരണം വരെ പി.എന്‍.ജി യുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. മാസികയുടെ പ്രവര്‍ത്തനങ്ങളില്‍ ഭാര്യയും മക്കളും പ ങ്കാളികളാകാനും ശ്രദ്ധിച്ചു.
ജോലിസംബന്ധമായി തൊടുപുഴ, മാനന്തവാടി എന്നിവിടങ്ങളില്‍ എത്തിയപ്പോഴും അദ്ദേഹം തന്റെ കര്‍മ്മമണ്ഡലത്തില്‍ സജീവമായി തുടര്‍ന്നു. രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം താലൂക്ക് കാര്യവാഹ്, സംഘചാലക് തുടങ്ങിയ നിലകളില്‍ സംഘ പ്രവര്‍ത്തകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഏറ്റുമാനൂര്‍ ശാഖാ പ്രസിഡന്റ്, കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, ട്രഷറര്‍ ജനറല്‍ സെക്രട്ടറി, ഉപാധ്യക്ഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൂന്നുവര്‍ഷമായി അദ്ദേഹം സംസ്ഥാന രക്ഷാധികാരിയാണ്.
നീണ്ട 65 വര്‍ഷക്കാലം ഹൈന്ദവ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന പിഎന്‍ജിക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ല. അദ്ദേഹത്തെ കൂടെ പ്രവര്‍ത്തിച്ച ഒരാളും മറക്കില്ല. അത്രയ്ക്ക് കടപ്പെട്ടിരിക്കുന്നു ഓരോ പ്രവര്‍ത്തകനും. നല്ലൊരു പ്രഭാഷകനും ഗ്രന്ഥകര്‍ത്താവുമായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: