Categories: Bollywood

‘ഈ യുദ്ധം നമ്മള്‍ ജയിക്കും; ഒരുമനസോടെ അണിചേരാം’; കൊറോണ വാക്‌സിന്‍ വിതരണത്തിന് ആശംസയുമായി മഞ്ജു വാര്യര്‍

Published by

ഭാരതത്തില്‍ ഇന്നു തുടങ്ങിയ കൊറോണ വാക്‌സിന്‍ വിതരണത്തിന് ആശംസ അര്‍പ്പിച്ച് മഞ്ജു വാര്യര്‍. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണത്തിനാണ് തുടക്കമായിരിക്കുന്നത്. ഈ യുദ്ധം നമ്മള്‍  ജയിക്കും. അതിനായി ഒത്തുചേര്‍ന്ന് ഒരേ മനസോടെ അണിചേരാമെന്ന് മഞ്ജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ ഡ്രൈവിനാണ് ഭാരതത്തില്‍ തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യവ്യാപകമായി വാക്സിനേഷന്‍ നടപടികള്‍ക്കുള്ള ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യും. വാക്സിനേഷന്‍ ഘട്ടത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി അറിയിച്ചു.  

വികാരാധീനനായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇത് ശേഷിയുടേയും കഴിവിന്റേയും ഉദാഹരണമാണെന്നും അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്‌ക്കും പ്രേരണയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്സിന്‍ വിതരണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ജനുവരി 30നുള്ളില്‍ വാക്സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങള്‍ മാസ്‌ക് ധരിക്കണം.  

രണ്ടാംഘട്ടമാകുമ്പോള്‍ 30 കോടി ജനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കും. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വാക്സിന്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്‌ക്കാനും എളുപ്പമാണ്. വാക്സിന്‍ സ്വീകരിക്കുന്നവര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക