ചെന്നൈ: ആര്‍എസ്എസ് സൈദ്ധാന്തികന്‍ എസ്. ഗുരുമൂര്‍ത്തി ജയില്‍മോചിതയാകാന്‍ പോകുന്ന മുന്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെക്കുറിച്ച് നടത്തിയ പരാമര്‍ശം തമിഴ്നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കുന്നു. പ്രത്യേകിച്ചും തമിഴ്നാട്ടില്‍ ഏത് വിധവും അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ഡിഎംകെയുടെ ക്യാമ്പിലാണ് ഗുരുമൂര്‍ത്തിയുടെ പ്രസ്താവന അങ്കലാപ്പുണ്ടാക്കിയിരിക്കുന്നത്.
നേരത്തെ ഡിഎംകെ യൂത്ത് വിംഗ് സെക്രട്ടറി ഉദയനിധി സ്റ്റാലിന് മുഖ്യമന്ത്രി പളനിസ്വാമിയ്ക്കെതിരെ നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ഗുരുമൂര്‍ത്തിയുടെ പ്രസ്താവനയും ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കുന്നത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകാന്‍ വേണ്ടി ഒരു ജഡം പോലെ സാഷ്ടാംഗം നമസ്കരിച്ച് ശശികലയുടെ കാലില്‍ തൊട്ടു വന്ദിച്ചുവെന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരിഹാസം. ഉദയനിധി സ്റ്റാലിന് നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ശശികലയുടെ മരുമകന് ജയാനന്ദ് ദിവാകരന് വക്കീല്‍ നോട്ടീസയച്ചിരിക്കുകയാണ്. ഏത് സ്ത്രീയുടെയും വികാരം വ്രണപ്പെടുത്തുന്നതാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെന്നായിരുന്നു ജയാനന്ദ് ദിവാകരന്റെ വാദം. മുന്‍ എഐഎഡിഎംകെ മന്ത്രിയായിരുന്ന ഗോകുല ഇന്ദിരയും ശശികലയെ പിന്തുണച്ച് രംഗത്തെത്തി. ജയലളിതയുടെ തോഴിയായിരുന്ന ശശികല ഒരു നല്ല ആത്മാവാണെന്നും പോകുന്നിടത്തെല്ലാം ബഹുമാനം ആര്‍ജ്ജിക്കാന്‍ കഴിവുള്ള നേതാവാണെന്നുമായിരുന്നു ഗോകുല ഇന്ദിരയുടെ പ്രസ്താവന. ശശികലയ്ക്കെതിരെയോ ജലയളിതയ്ക്കെതിരെയോ ഉള്ള പ്രസ്താവനകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഉദയനിധി മാരന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി ഗോകുല ഇന്ദിര പറഞ്ഞു.
ഇതിനിടെയാണ് ഗുരുമൂര്‍ത്തി മറ്റൊരു പ്രസ്താവനയുമായി വന്നത്. തുഗ്ലക്ക് മാസികയുടെ 51ാം വാര്ഷികാഘോഷത്തിനിടയിലായിരുന്നു ഡിഎംകെയെ തോല്പിക്കാന് എഐഎഡിഎംകെ-ബിജെപി സഖ്യം ശശികലയെക്കൂടി കൂട്ടുമെന്ന് വ്യാഖ്യാനിക്കാവുന്ന തരത്തില്‍ ഗുരുമൂര്‍ത്തി പ്രസ്തവാനയിറക്കിയത്. കത്തുന്ന വീട്ടിലെ തീ അണയ്ക്കാന്‍ ഓടയിലെ അഴുക്കുവെള്ളവും ഉപയോഗിക്കണമെന്ന അന്തരിച്ച ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അരുണ്‍ ജയ്റ്റ്ലി പറഞ്ഞിട്ടുണ്ടെന്നതായിരുന്നു ഗുരുമൂര്‍ത്തിയുടെ പ്രസ്താവന. (രാജീവ് ഗാന്ധിയുടെ അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ ചന്ദ്രസ്വാമിയെകൂട്ടുപിടിക്കണോ എന്ന ഇന്ത്യന്‍ എക്സ്പ്രസിന്റെ ചോദ്യത്തിനാണ് പുരകത്തുംപോള് ഗംഗാജലം അന്വേഷിക്കേണ്ടെന്നും അഴുക്കുവെള്ളമായാലും ഉപയോഗിക്കാമെന്ന മറുപടി അരുണ്‍ ജയ്ലി പറഞ്ഞത്. )
ഗുരുമൂര്‍ത്തിയുടെ ഈ പ്രസ്താവനയ്ക്ക് ആയിരക്കണക്കിന് വ്യാഖ്യാനങ്ങളാണ് തമിഴ്നാട് രാഷ്ടീയത്തില്‍ ഇറങ്ങുന്നത്. ഗുരുമൂര്ത്തിയുദ്ദേശിച്ചത് ഡിഎംകെയെ തോല്പിക്കാന് എഐഎഡിഎംകെ-ബിജെപി സഖ്യം ശശികലയെക്കൂടി കൂടെനിര്ത്തുമെന്നതാണെന്നാണ് പ്രധാനമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാഖ്യാനം.
ശശികല വഴി തേവര് സമുദായത്തിന്റെ പിന്തുണകൂടി ഉറപ്പാക്കിയാല്‍ എഐഎഡിഎംകെയ്ക്ക് തുടര്‍ഭരണം ഉറപ്പാക്കാമെന്നാണ് ഗുരുമൂര്‍ത്തി ഉദ്ദേശിക്കുന്നതെന്നും ഒരൂ വ്യാഖ്യാനമുണ്ട്. അധികം വൈകാതെ ഗുരുമൂര്‍ത്തി ട്വീറ്ററില്‍ ശശികലയ്ക്കെതിരായ കുറിപ്പുമായെത്തിയതോടെ കാര്യങ്ങള്‍ വ്യക്തമായി. ഗുരുമൂര്‍ത്തി പറഞ്ഞത് മണ്ണാര്‍ഗുഡി കുടുംബം മാഫിയ ആണെന്നും അവര്‍ എഐഎഡിഎംകെയില്‍ എത്തിയാല്‍ അത് വീണ്ടും കുടുംബവാഴ്ചയായി അധപതിക്കുമെന്നായിരുന്നു.
എന്തായാലും ജനവരി 27ന് ജയില്‍ മോചിതയാകുന്ന ശശികല നടരാജന്റെ രാഷ്ട്രീയനീക്കങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് തമിഴ്നാട്. പ്രത്യേകിച്ചും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ശശികലാ നടരാജന് ജയില്‍ മോചതിയായി സംസ്ഥാനരാഷ്ട്രീയത്തില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: