മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും പിതാവ് ഹിമാന്‍ഷു പാണ്ഡ്യ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇതേത്തുടര്‍ന്ന് സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയുടെ നായകനായ ക്രുനാല്‍ പാണ്ഡ്യ ടീമില്‍ നിന്നും അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങി. ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിലാണ്. പരിശീലനം മതിയാക്കി ഹാര്‍ദിക്കും നാട്ടിലേക്ക് മടങ്ങി. ഹാര്‍ദിക്കിനെക്കുറിച്ചും ക്രുനാലിനെക്കുറിച്ചും സംസാരിക്കുമ്പോഴെല്ലാം എനിക്ക് എന്റെ കണ്ണുനീര് നിയന്ത്രിക്കാന്‍ കഴിയില്ല, അവര്‍ നന്നായി കളിച്ചുവെന്നത് ദൈവത്തിന്റെ ദാനമാണ്. ചെറുപ്പം മുതല്‍ തന്നെ അവരെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിച്ചതിനെ നിരവധി ബന്ധുക്കള്‍ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തു. പക്ഷേ, ഞങ്ങള്‍ അവരെ കളിക്കാന്‍ അനുവദിച്ചു. അവരുടെ ഇപ്പോഴത്തെ നേട്ടങ്ങള്‍ കാണാന്‍ കഴിയുന്നത് മഹത്തരമാണെന്ന് പിതാവ് ഹിമാന്‍ഷു പാണ്ഡ്യ അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡയ്ക്ക് വേണ്ടി കളിക്കുകയായിരുന്ന ക്രുനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടീമംഗങ്ങള്‍ക്കൊപ്പം ബയോ ബബിള്‍ സര്‍ക്കിളില്‍ കഴിയുകയായിരുന്നു. ടൂര്‍ണമെന്റിലെ ഇനിയുള്ള മത്സരങ്ങളില്‍ ക്രുനാലിന് കളിക്കാനാവില്ല. ബറോഡ ക്രിക്കറ്റ് അസോസിയേഷന് ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: