കൊച്ചി: വിദേശത്ത് അടിസ്ഥാന സൗകര്യ നിര്‍മാണ മേഖലയില്‍ വൈദഗ്ദ്ധ്യം തെളിയിച്ച വിദഗ്ദ്ധര്‍ ഒന്നിച്ചു ചേര്‍ന്ന് രൂപം കൊടുത്ത നിര്മാണ് ഭാരതി ഹോള്‍ഡിങ്സിന്റെയും ഭൂ മിത്ര കണ്‍സ്ട്രക്ഷന്‍സിന്റെയും ഉദ്ഘാടനം നടന്നു. എളമക്കര ഭാസ്കരീയത്തില്‍ നടന്ന ചടങ്ങില്‍, പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ആഹ്വാനം ഉള്‍ക്കൊണ്ട്, കേരളത്തിന്റെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തില്‍ നൂതന സാങ്കേതികവിദ്യയും ഗുണമേന്മയും കൃത്യതയും സുതാര്യതയും ചേര്‍ന്ന പുതിയൊരു നിര്‍മാണ സംസ്കാരമാണ് നിര്മാണ് ഭാരതി ലക്ഷ്യമിടുന്നതെന്ന് സംഘടന പ്രഖ്യാപിച്ചു.
എംഡി സിബി മണി സ്വാഗതം പറഞ്ഞു. ചെയര്മാന് ഹരിലാല്‍ പരമേശ്വരന് നിര്മാണ് ഭാരതിയുടെ ലക്ഷ്യവും രീതിയും വിശദീകരിച്ചു. സി.വി. ആനന്ദ ബോസ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. നിര്മാണ് ഭാരതി ലോഗോ പ്രകാശനം കേന്ദ്രമന്ത്രി വി. മുരളീധരന് നിര്‍വഹിച്ചു. ഭൂ മിത്ര കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ലോഗോ കുമ്മനം രാജശേഖരന് പ്രകാശിപ്പിച്ചു.
ഓഫീസിന്റെ ഉദ്ഘാടനം കൊച്ചിന് ഷിപ്യാഡ് സിഎംഡി മധു എസ്. നായര്‍ നിര്‍വഹിച്ചു. ഭാരതത്തെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കാനുള്ള ലക്ഷ്യത്തില്‍ തടസമായേക്കാവുന്നത് അടിസ്ഥാന സൗകര്യ മേഖലയിലെ പോരായ്മകളായിരിക്കുമെന്നു പറഞ്ഞ മധു നായര്‍, ഈ മേഖലയിലുള്‍പ്പെടെ സ്വാഭാവിക വളര്‍ച്ചയല്ല, അതിവേഗ വളര്‍ച്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സങ്കല്‍പ്പത്തില്‍ എന്ന് വിശദീകരിച്ചു. നിര്മാണ് ഭാരതിയുടെ ലക്ഷ്യത്തിലുള്ള നൂതന സാങ്കേതിക വിദ്യയുടെ സ്വീകരണവും അതില്‍ പരിശീലനം നല്‍കാനുള്ള പദ്ധതിയും പ്രധാനമന്ത്രിയുടെ ആസൂത്രണത്തിന് സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന് ആര്. ഹരി ദീപം തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒറ്റയ്ക്ക് നില്ക്കുമ്പോള് ദാര്‍ശനികനും രണ്ടു പേരായാല്‍ താര്‍ക്കികരും മൂന്നു പേര് ചേര്‍ന്നാല്‍ തമ്മിലടിക്കുന്നവരുമാണ് ഇന്ത്യക്കാരെന്ന ആക്ഷേപം സംഘടനാ ബലംകൊണ്ട് അതിജീവിക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു.
കണക്കിലെ ആള്‍ജിബ്ര സമാവാക്യം ഉദാഹരിച്ച് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു- എ പ്ലസ് ബി ദ ഹോള്‍ സ്ക്വയേഡ് എന്ന സമവാക്യത്തില്‍ എയും ബിയും വര്‍ഗമായി ഇരട്ടിക്കും, ഒപ്പം ചേരും അതിനൊപ്പം ടു ഏ ബി എന്ന അധികശക്തിയും ചേരും. എന്നാല്‍ എ മൈനസ് ബി ഹോള്‍ സ്ക്വയേഡില് മൈനസ് ടു ഏബി വന്ന് ടു ഏ ബി കുറയുകയാണ്. മൈനസ് ആകാതെ പ്ലസ് ആകുന്നതാണ് സംഘടനയുടെ വിജയം. എസ്. സേതുമാധവന്, കുമ്മനം രാജശേഖരന്, എ.ആര്. മോഹന്‍ എന്നിവരും പ്രസംഗിച്ചു. ഡയറക്ടര്‍ മോഹന്‍. പി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: