ചേര്‍ത്തല: മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസും ചേര്‍ന്ന് കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കണിച്ചുകുളങ്ങരയില്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറില്‍ ലീഗും കിഴക്കന്‍ മേഖലയില്‍ കേരള കോണ്‍ഗ്രസും പിടിമുറുക്കുകയും ചെയ്തതോടെ ഈഴവര്‍ക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കാനുള്ള സാദ്ധ്യത മങ്ങി.
നിലവില്‍ ഒരു എംഎല്‍എ പോലും ഇല്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഈഴവര്‍ അന്യം നിന്ന് പോയ സ്ഥിതിയായി. മതേതരപാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന ലീഗ് ഇതര സമുദായങ്ങളില്‍ നിന്ന് ആരേയും മത്സരിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ഗുരുവിനെ ഒഴിവാക്കി ശ്രീനാരായണ ഓപ്പണ്‍യൂണിവേഴ്സിറ്റി ലോഗോ പ്രസിദ്ധീകരിച്ചതിനെതിരെ തുടക്കം മുതല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ ശ്രീനാരായണ പെന്ഷന് കൗണ്‍സിലിനെ വെള്ളാപ്പള്ളി അഭിനന്ദിച്ചു.
ഹൈക്കോടതിയുടെയും കമ്പനി നാഷണല്‍ ട്രൈബുണലിന്റെയും തീരുമാനങ്ങള്‍ക്ക് വിധേയമായി മാര്‍ച്ച് അവസാന വാരം വാര്‍ഷിക പൊതുയോഗം നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഡോ.എം.എന്‍. സോമന് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി,ദേവസ്വം സെക്രട്ടറി അരയാകണ്ടി സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: