പാലക്കാട്: സ്നേഹയുടെ കവിതയോടെ ബജറ്റ് അവതരണം തുടങ്ങിയ ധനമന്ത്രി ഡോ. തോമസ് ഐസക് അടുത്ത നിമിഷം തന്നെ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചു കാണില്ല. മന്ത്രി വായിച്ച കവിത കുറിച്ച പെണ്‍കുട്ടിയുടെ വീടും അവളുടെ പള്ളിക്കൂടവും എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ലോകം കാണുമെന്നും അത്, നാടു മുഴുവന്‍ ഞങ്ങള്‍ വികസിപ്പിച്ചെന്ന, പാവപ്പെട്ടവര്‍ക്ക് സകല സഹായങ്ങളും നല്‍കിയെന്ന അവകാശ വാദങ്ങളുടെ അടിവേര് അറുക്കുമെന്നും പിണറായി സര്‍ക്കാരും അറിഞ്ഞു കാണില്ല.
പാലക്കാട് കുഴല്‍മന്ദം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസുകാരി സ്നേഹ കണ്ണന് എഴുതിയ കവിത ചൊല്ലിയായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം. ചിതലി കല്ലേങ്കോണം സ്വദേശിയായ അവള് എഴുതിയ ‘കൊറോണയെ തുരത്താം. എന്നും ഇരുട്ട് മാത്രമാവണമെന്നില്ല, നേരം പുലരുകയും സൂര്യന് സര്‍വ തേജസ്സോടെ ഉദിക്കുകയും കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും. നമ്മള് കൊറോണയ്ക്കെതിരേ പോരാടി വിജയിക്കുകയും അതേ ആനന്ദം നിറഞ്ഞ പുലരിയെ തിരികെയെത്തിക്കുകയും പഴയ ലോകം പോലെ പുഞ്ചിരിക്കാം. നമ്മുക്കൊത്ത് ചേരാം, കൊറോണയെ തുരത്താം.’ എന്നീ വരികളാണ് ധനമന്ത്രി വായിച്ചത്.
അതോടെ ആശംസകളുടെ പ്രളയമായി, അഭിനന്ദിക്കാന്‍ വരുന്നവരുടെ തിരക്കായി. കവിത വമ്പന്‍ ഹിറ്റായി. ആദ്യം അമ്പരന്നെങ്കിലും കാരണം അറിഞ്ഞതോടെ സന്തോഷമായി. പക്ഷേ അതോടെ ആ മിടുക്കി പഠിക്കുന്ന സ്കൂളിന്റെ അവസ്ഥയും പുറത്തു വന്നു.
വഴിയോരത്ത് പൊളിഞ്ഞ് വീഴാറായ മൂന്ന് കെട്ടിടങ്ങളാണ് കുഴല്‍മന്ദം ജിഎച്ച്എച്ച്എസിന്റെ സ്വത്ത്. മേല്‍ക്കൂര അടര്‍ന്നു വീഴാറായി. വലിയ ക്ലാസുകള്‍ തല്ക്കാലം വാടകക്കെട്ടിടത്തിലാക്കി, എങ്കിലും കൊച്ചുകുട്ടികള്‍ തകര്‍ന്ന കെട്ടിടത്തിലാണ് പഠിക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളെല്ലാം സ്മാര്‍ട്ടാക്കിയെന്നും വികസിപ്പിച്ചുവെന്നും ദിവസവും അവകാശ വാദം മുഴക്കുന്ന സര്‍ക്കാരിന് തിരിച്ചടിയായി ഈ സ്കൂളിന്റെ അവസ്ഥ. മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനം നല്‍കിയിട്ടും പരിഹാരമായിരുന്നില്ല. ഇത് സര്‍ക്കാരിന് വലിയ നാണക്കേടായി. ഇതോടെ താന്‍ പോയി കാര്യങ്ങള്‍ ശരിയാക്കുമെന്ന് പറഞ്ഞ് ധനമന്ത്രി തലയൂരി. സ്കൂളിന്റെ ശോച്യാവസ്ഥ പരിഹരിച്ച് സുരക്ഷയുള്ള കെട്ടിടങ്ങളുള്ള സ്കൂളാക്കി മാറ്റാന്‍ എല്ലാവരും സഹായിക്കണമെന്നാണ് സ്നേഹയുടെ ഏക ആവശ്യം. സ്നേഹയുടെ വീടിന്റെ അവസ്ഥയും വ്യത്യസ്തമല്ല.
മഴ പെയ്താല്‍ വെള്ളം വീഴാതിരിക്കാനായി ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ചെറിയ വീട്ടിലാണ് അച്ഛന് കണ്ണന്, അമ്മ രുമാദേവി, പത്താം ക്ലാസുകാരിയായ ചേച്ചി രുദ്ര എന്നിവരടങ്ങുന്ന കുടുംബം താമസിക്കുന്നത്. ട്രാക്ടര്‍ ഡ്രൈവറാണ് അച്ഛന് കണ്ണന്. പല തവണ വീടിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും പഞ്ചായത്ത് അധികൃതര്‍ കനിഞ്ഞില്ലെന്ന് അച്ഛന് ജന്മഭൂമിയോട് പറഞ്ഞു.
കുടുംബം പോറ്റാനായി ഒരു വാഹനം വാങ്ങിയതിന്റെ പേരിലാണ് അപേക്ഷ നിരസിച്ചത്. പിന്നീടത് വില്‍ക്കുകയും ചെയ്തു. എന്നിട്ടും അധികൃതര്‍ കനിഞ്ഞില്ല. നിലവില്‍ മറ്റൊരാളുടെ ട്രാക്ടര്‍ ഓടിച്ചാണ് കുടുംബം പോറ്റുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: