ബ്രിസ്ബേന്‍: ഓസ്ട്രേലിയന്‍ മണ്ണില്‍ തങ്കരസു നടരാജന്റെ വിജയഗാഥ തുടരുന്നു. പരിമിത ഓവര്‍ മത്സരങ്ങളില്‍ മിന്നിത്തിളങ്ങിയ ഈ തമിഴ്നാട്ടുകാരന് പേസര്‍ ടെസ്റ്റ് അരങ്ങേറ്റവും ഭംഗീരമാക്കി. നിര്‍ണായകമായ നാലാം ടെ്സ്റ്റിന്റെ ആദ്യ ദിനത്തില്‍ രണ്ട് വിക്കറ്റുകള്‍ പിഴുതെടുത്ത് ഓസീസിന്റെ റണ്‍ ഒഴുക്കു തടഞ്ഞു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആതിഥേയര്‍ അഞ്ചു വിക്കറ്റിന് 274 റണ്‍സ് എടുത്തു. ലാബുഷെയ്നിന്റെ സെഞ്ചുറിയാണ് ഓസീസ് സ്കോര്‍ ഇരുനൂറ് കടന്നിയത്. സ്റ്റമ്പെടുക്കുമ്പോള്‍ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്നും(38) മാര്‍നസ് ഗ്രീനും (28) പുറത്താകാതെ നില്ക്കുന്നു.
പരിക്ക് മൂലം പ്രമുഖ പേസര്‍മാര്‍ വിട്ടുനിന്ന ബ്രിസ്ബെന് ടെസ്റ്റില്‍ അരങ്ങേറിയ ടി. നടരാന്‍, സെഞ്ചുറി കുറിച്ച ലാബുഷെയ്നിന്റെയും മാത്യു വേഡിനെയുമാണ് പുറത്താക്കിയത്. ഇരുപത് ഓവറില്‍ അറുപത്തിമൂന്ന് റണ്‍സാണ് വിട്ടുകൊടുത്തത്. മറ്റൊരു അരങ്ങേറ്റക്കാരനായ തമിഴ്നാടിന്റെ വാഷിങ്ടണ്‍ സുന്ദര്‍ 22 ഓവറില്‍ അറുപത്തിമൂന്ന് റണ്‍സിന് ഒരു വിക്കറ്റെടുത്തു.
ഇന്ത്യന്‍ ബൗളിങ്ങിനെ കരുതലോടെ നേരിട്ട ലാബുഷെയ്ന് 204 പന്തില്‍ 108 റണ്‍സ് നേടി. ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെട്ട ഇന്നിങ്സ്. നടരാജന്റെ പന്ത് കട്ട് ചെയ്യാന്‍ ശ്രമിച്ച ലാബുഷെയ്ന് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തില്‍ ഗ്ലൗസിലൊതുങ്ങി. തുടക്കത്തില്‍ തന്നെ പതിനേഴ് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ഓസീസിനെ ലാബുഷെയ്ന് സ്മിത്ത്, മാത്യു വേഡ് എന്നിവര്‍ ചേര്‍ന്നാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.
മൂന്നാം വിക്കറ്റില്‍ ലാബുഷെയ്നും സ്മിത്തും എഴുപത് റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്മിത്തിനെ മടക്കി വാഷിങ്ടണ്‍ സുന്ദറാണ് ഈ പാര്‍ട്ടനര്‍ഷിപ്പ് തകര്‍ത്തത്. സ്മിത്ത് 77 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 36 റണ്‍സ് എടുത്തു.
നാലാം വിക്കറ്റില്‍ ലാബുഷെയ്ന് മാത്യു വേഡിനൊപ്പം 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മാത്യു വേഡ് 87 പന്തില്‍ ആറു ബൗണ്ടറികളുടെ മികവില്‍ 45 റണ്‍സ് നേടി. ഒടുവില്‍ നടരാജന്റെ പന്തില്‍ താക്കുറിന് പിടികൊടുത്തു.
ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിന് ഓപ്പര്‍ണമാരായ ഡേവിഡ് വാര്‍ണറെയും (1), മാര്‍നസ് ഹാരിസിനെയും (5) തുടക്കത്തില്‍ തന്നെ നഷ്ടമായി.
പ്രമുഖതാരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയെ നയിച്ച മുഹമ്മദ് സിറാജ് പത്തൊമ്പത് ഓവറില്‍ 51 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു. ഷാര്‍ദുല്‍ താക്കുര്‍ പതിനെട്ട് ഓവറില്‍ 67 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.
ഇന്നലെ രാവിലെയാണ് ഇന്ത്യ അവസാന ഇലവനെ പ്രഖ്യാപിച്ചത്. പുതുമുഖങ്ങളായ നടരാജനും വാഷിങ്ടണ്‍ സുന്ദറിനും അവസരം നല്കി. ഇരുവര്‍ക്കും ഇത് ആദ്യ ടെസ്റ്റാണ്.
സ്കോര്‍ബോര്‍ഡ്
ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ്: ഡേവിഡ് വാര്‍ണര്‍ സി ശര്‍മ ബി മുഹമ്മദ് സിറാജ് 1, മാര്‍കസ് ഹാരിസ് സി വാഷിങ്ടണ്‍ സുന്ദര്‍ ബി ഷാര്‍ദുല്‍ താക്കുര്‍ 5, മാര്‍നസ് ലാബുഷെയ്ന് സി പന്ത് ബി നടരാജന് 108, സ്റ്റീവ് സ്മത്ത് സി ശര്‍മ ബി വാഷിങ്ടണ്‍ സുന്ദര്‍ 36, മാത്യു വേഡ് സി താക്കുര്‍ ബി നടരാജന് 45, കാമറൂണ്‍ ഗ്രീന്‍ നോട്ടൗട്ട് 28, ടിം പെയ്ന് നോട്ടൗട്ട് 38, എക്സ്ട്രാസ് 13, ആകെ അഞ്ചു വിക്കറ്റിന് 274.
വിക്കറ്റ് വീഴ്ച: 1-4, 2-17, 3-87, 4-200, 5-213
ബൗളിങ്: മുഹമ്മദ് സിറാജ് 19-8-51-1, ടി. നടരാജന് 20-2-63-2, ഷാര്‍ദുല്‍ താക്കുര്‍ 18-5-67-1, നവ്ദീപ് സെയ്നി 7.5-2-21-0, വാഷിങ്ടണ്‍ സുന്ദര്‍ 22-4-63-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: