മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷ റാവത്ത് ഇഡിയുടെ നോട്ടീസ് കിട്ടിയതോടെ പിഎംസി ബാങ്കില്‍ നിന്നെടുത്ത 55 ലക്ഷത്തിന്റെ പലിശ രഹിത വായ്പ തിരിച്ചടച്ചു.
4355 കോടിയുടെ തട്ടിപ്പ് നടന്ന മഹാരാഷ്ട്രയിലെ പിഎംസി ബാങ്കില്‍ നിന്നും ഒരു ദശകം മുമ്പാണ് 55 ലക്ഷം വായ്പയെടുത്തത്. ഇതുവരെ അവര്‍ അത് തിരിച്ചടയ്ക്കാതിരിക്കുകയായിരുന്നു. തിങ്കളാഴ്ച വായ്പ തിരിച്ചടച്ചതിന്റെ രേഖ വര്‍ഷ റാവത്ത് ഒരു ബന്ധു വഴി ഇഡിയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു. വായ്പയടക്കാത്തതിന്റെ കാരണം വിശദീകരിക്കാന്‍ ഇഡി നോട്ടീസ് നല്കിയ പശ്ചാത്തലത്തില്‍ വൈകാതെ തിരിച്ചടച്ച് തടിയൂരുകയായിരുന്നു ശിവസേനാ നേതാവിന്റെ ഭാര്യ.
താക്കറേ എന്ന സിനിമയില്‍ നിന്നും കിട്ടിയ വരുമാനം ഉപയോഗിച്ചാണ് വായ്പ തിരിച്ചടച്ചതെന്ന് രേഖയില്‍ പറയുന്നു. താക്കറേ എന്ന സിനിമയുടെ നിര്‍മ്മാതാവായിരുന്നു വര്ഷയെങ്കില് അവരുടെ ഭര്‍ത്താവ് സഞ്ജയ് റാവത്താണ് തിരക്കഥ എഴുതിയത്.
2020 നവമ്പറിലാണ് ഇഡി വര്‍ഷയ്ക്ക് ഈ കേസുമായി ബന്ധപ്പെട്ട് നാല് തവണ നോട്ടീസ് അയച്ചത്. എന്നാല്‍ ആദ്യമൊന്നും അവര്‍ ഇഡി ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായില്ല. പിന്നീട് ഡിസംബര്‍ 29ന് ഹാജരാകാനുള്ള സമയം ജനവരി അഞ്ച് വരെ നീട്ടിക്കൊടുക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പിന്നീട് അവര്‍ ജനവരി നാലിന് ഹാജരാവുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയാനുള്ള നിയമത്തിന്റെ വകുപ്പുപയോഗിച്ചാണ് ഇഡി വര്‍ഷയ്ക്ക് സമന്‍സയച്ചത്.
പിഎംസി ബാങ്ക് തട്ടിപ്പില്‍ ഹൗസിംഗ് ഡവലപ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലി. (എച്ച് ഡി ഐഎല്‍) പ്രൊമോട്ടര്‍ രാകേഷ് കുമാര്‍ വാധ്വാന്‍, അദ്ദേഹത്തിന്റെ മകന് സാരംഗ് വാധ്വാന്‍, വാര്യം സിഗ്, പിഎംസി ബാങ്കിന്റെ എംഡിയും ചെയര്‍മാനുമായ ജോയ് തോമസ് എന്നിവര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം കേസെടുത്തത്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം (ഇഒഡ്ബ്ല്യു) 2020 സപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐആറിന്റെ അടിസ്ഥാനത്തിലായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: