തൃശൂര്‍: പടിഞ്ഞാറേക്കോട്ട-കാല്‍വരി റോഡിലെ ഗതാഗത പരിഷ്കാരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായി ആക്ഷേപം. കാല്‍വരി റോഡില്‍ വണ്‍വേയാക്കിയതാണ് യാത്രക്കാരെ വലച്ചത്. കാല്‍വരി റോഡില്‍ നിന്ന് അടിയാട്ട് ലൈനിലേക്ക് നിലവില്‍ വാഹനങ്ങള്‍ക്ക് പ്രവേശിക്കാനാകില്ല. വാഹനങ്ങള്‍ ഇടത്തോട്ട് തിരിയാതെ നേരേ വന്ന് വഞ്ചിക്കുളം വഴി പോകണം. ഇതിനാല്‍ പടിഞ്ഞാറേക്കോട്ടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഏറെ ചുറ്റിവളഞ്ഞാണ് പൂത്തോള്‍ ജങ്ഷനിലെത്തുന്നത്.
വണ്വേയാണെന്നറിയാതെ അടിയാട്ട് ലൈനിലൂടെ വരുന്നവരില്‍ നിന്ന് ട്രാഫിക് പോലീസ് പിഴ ഈടാക്കുന്നതായും യാത്രക്കാര്‍ പറയുന്നു. ഗതാഗത പരിഷ്കാരത്തെ തുടര്‍ന്ന് പൂത്തോള്‍ ഭാഗത്ത് നിന്ന് വരുന്ന ബസ് അടക്കമുള്ള വാഹനങ്ങള്‍ പടിഞ്ഞാറെക്കോട്ടയിലേക്ക് പോകാനാകാതെ ഇവിടെ ഏറെനേരം കുരുക്കില്‍പ്പെട്ട് കിടക്കുകയാണ്. ഇതേത്തുടര്‍ന്ന് രാവിലെയും വൈകിട്ടും ശങ്കരയ്യര്‍ റോഡിലും പടിഞ്ഞാറെക്കോട്ടയിലും ഗതാഗതക്കുരുക്കാണിപ്പോള്‍.
കാല്‍വരി റോഡിലെ വണ്‍വേ പരിഷ്കാരമാണ് ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് കാരണമെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. അതേസമയം കാല്‍വരി റോഡില്‍ നേരത്തേ വണ്‍വേ നടപ്പാക്കിയിരുന്നുവെന്നും ഇപ്പോള്‍ നിയമം കര്‍ശനമാക്കിയതാണെന്നും ട്രാഫിക് പോലീസ് അറിയിച്ചു. ദിവാന്‍ജിമൂല മേല്‍പാലം ഗതാഗതത്തിന് തുറന്ന് നല്‍കിയിട്ടും ശങ്കരയ്യ റോഡില്‍ മിക്ക സമയത്തും ഗതാഗതക്കുരുക്കുണ്ടാകാറുണ്ട്. കാല്‍വരി റോഡില്‍ നിന്ന് വണ്‍വേ തെറ്റിച്ച് അടിയാട്ട് ലൈനിലൂടെ വാഹനങ്ങള്‍ വരുന്നത് ജയലക്ഷ്മി ജങ്ഷനില്‍ ഗതാഗതകുരുക്കിന് ഇടയാക്കിയിരുന്നു. വണ്‍വേ തെറ്റിച്ച് വരുന്ന വാഹനങ്ങള്‍ പോലീസിനെ കാണുമ്പോള്‍ രക്ഷപ്പെട്ട് പോകാറാണ് പതിവ്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ നിയമം കര്‍ശനമാക്കുന്നതെന്ന് പോലീസ് പറയുന്നു.
കാല്‍വരി റോഡിലെ പരിഷ്കാരത്തിന്റെ ഭാഗമായി അടിയാട്ട് ലൈനില്‍ ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകളും ഡിവൈഡറും സ്ഥാപിച്ചിട്ടുണ്ട്. വണ്‍വേ തെറ്റിക്കുന്ന വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുമെന്ന് പോലീസ് പറഞ്ഞു. പൂത്തോള്‍ ഭാഗത്ത് നിന്ന് അടിയാട്ട് ലൈനിലേക്ക് വരുന്ന വാഹനങ്ങള്‍ക്കും വണ്‍വേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയലക്ഷ്മി ജങ്ഷനെത്തുന്നതിന് മുമ്പ് വാഹനങ്ങള്‍ക്ക് ഇടത് വശത്തു കൂടെ അടിയാട്ട് ലൈനിലേക്ക് പ്രവേശിക്കാം. എന്നാല്‍ അടിയാട്ട് ലൈനില്‍ നിന്ന് ചിന്താമണി പ്രസിനു സമീപത്തു നിന്ന് വലത്തോട്ട് തിരിയാന്‍ അനുവാദമില്ല. വണ്‍വേ നടപ്പാക്കുന്നതിന്റെ ഭാഗമായി കാല്‍വരി റോഡില്‍ പോലീസ് പരിശോധനയും ശക്തമാക്കി. നിയമം ലംഘിക്കുന്നത് നിരീക്ഷിക്കുന്നതിനായി സ്ഥലത്ത് ട്രാഫിക് പോലീസ് ഡ്യൂട്ടിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: