തിരുവനന്തപുരം: കേരളത്തിലേക്ക് 60 ശതമാനം ഗള്‍ഫ് മലയാളികളും തിരിച്ചെത്തിയെന്ന് 2018ലെ കേരള കുടിയേറ്റ സര്‍വ്വേ (കേരള മൈഗ്രേഷന്‍ സര്‍വ്വേ) ഉദ്ധരിച്ചുകൊണ്ട് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. വ്യാഴാഴ്ച നിയമസഭയില്‍ അവതരിപ്പിച്ച സാമ്പത്തികസര്വ്വേയിലാണ് ഈ കണക്കുകള്‍.
ഗള്‍ഫിലേക്ക് കുടിയേറിയവരില്‍ ഏകദേശം 12.95 ലക്ഷം പേര്, അതായത് മൊത്തം മറുനാടന്‍ മലയാളികളില്‍ 60 ശതമാനം പേര്, കേരളത്തില്‍ മടങ്ങിയെത്തിക്കഴിഞ്ഞു. കേരളത്തിലേക്കുള്ള ഗള്‍ഫുകാരുടെ മടക്കയാത്ര അതിന്റെ അവസാനഘട്ടത്തിലാണെന്നും സാമ്പത്തിക സര്‍വ്വേ ആശങ്കപ്പെടുന്നു. കേരളത്തിലേക്കുള്ള മറുനാടന്‍ മലയാളിയുടെ ഈ മടങ്ങിവരവിന് വരും വര്‍ഷങ്ങളില്‍ ആക്കംകൂടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള കുടിയേറ്റവും അതിന്റെ അവസാനഘട്ടത്തിലാണെന്നും സര്‍വ്വേ പറയുന്നു. അതേ സമയം കേരളത്തിലേക്കുള്ള പണത്തിന്റെ വരവ് കൂടിയിട്ടുണ്ട്. ഇതിന് കാരണം ഗള്‍ഫിലെ മലയാളികള്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നതിനാലും അവരുടെ വരുമാനം വര്ധിച്ചതിനാലുമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
2013ല്‍ 24 ലക്ഷം മലയാളികള്‍ ഗള്‍ഫിലുണ്ടായിരുന്നു. എന്നാല്‍ 2018ആയപ്പോള്‍ ഇത് 21 ലക്ഷമായി താഴ്ന്നു. അതായത് ഗള്‍ഫ് മലയാളികളുടെ എണ്ണത്തില്‍ 12 ശതമാനം കുറവുണ്ടായി. 2018ല്‍ ഗള്‍ഫിലേക്ക് കുടിയേറിയ 90 ശതമാനം പേരും താല്‍ക്കാലിക കരാര്‍ തൊഴിലാളികളായാണ് പോയത്. എന്നാല്‍ ഈ കരാര്‍ തീര്‍ന്നതോടെ ഭൂരിഭാഗവും മടങ്ങിവരേണ്ടിവന്നു. അങ്ങിനെയാണ് 12.95 ലക്ഷം പേര് കേരളത്തിലേക്ക് മടങ്ങിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: