ന്യൂദല്‍ഹി: ഇന്ത്യയുടെ മാപ്പും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും തെറ്റായി ചിത്രീകരിച്ചതിന് ലോകാരോഗ്യസംഘടന (ഡബ്ല്യു എച്ച് ഒ)യ്ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി കത്തയച്ചു..ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളും തെറ്റായ രീതിയിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയാണ് ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജനറലായ ഡോ.ടെഡ്രോസിന് അങ്ങേയറ്റത്തെ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് കത്തയച്ചത്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ച മാപ്പ് പിന്‍വലിക്കാനും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ വിവിധ വെബ്സൈറ്റുകളിലാണ് ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങളെ തെറ്റായി ചിത്രീകരിച്ച മാപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
‘ലോകാരോഗ്യസംഘടനയുടെ വിവിധ വെബ് പോര്‍ട്ടലുകളില്‍ ലോകാരോഗ്യസംഘടന തെറ്റായ രീതിയില്‍ ഇന്ത്യയുടെ അതിര്‍ത്തിപ്രദേശങ്ങളെ ചിത്രീകരിച്ചതിലുള്ള അതൃപ്തി അറിയിക്കാനാണ് ഞാന്‍ കത്തെഴുതുന്നത്. ഇത്തരം പിശകുകള്‍ ചൂണ്ടിക്കാട്ടി തൊട്ടുമുന്‍പയച്ച കത്തിലേക്കും ഞാന്‍ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഉടനടി തെറ്റായ ഇത്തരം മാപ്പുകള്‍ മാറ്റി പുതിയവ തല്‍സ്ഥാനത്ത് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നു,’ ഇന്ത്യയുടെ യുഎന്‍ അംബാസഡറും സ്ഥിരം യുഎന്‍ പ്രതിനിധിയുമായ ഇന്ദ്രമണി പാണ്ഡെ അയച്ച കത്തില്‍ പറയുന്നു.
വെബ്സൈറ്റുകളിലെ കോവിഡ് 19 ഡാഷ് ബോര്‍ഡില്‍ ബഹുവര്‍ണ്ണങ്ങളില്‍ അടയാളപ്പെടുത്തിയ ഇന്ത്യയുടെ മാപ്പ് പ്രസിദ്ധീകരിച്ചതിന് ശേഷം ലോകാരോഗ്യസംഘടനയ്ക്ക് ഇന്ത്യ ഇത് മൂന്നാം തവണയാണ് കത്തയയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: