ചാത്തന്നൂര്‍: കല്ലുവാതുക്കലിലെ നവജാത ശിശുവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. നൂറോളം പേരെ ചോദ്യം ചെയ്തെങ്കിലും കാര്യമായി തുമ്പില്ലെന്നാണ് സൂചന.
കല്ലുവാതുക്കല്‍ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നത്. അന്ന് സന്ധ്യയോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കുഞ്ഞ് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഏതാനും ദിവസം കൂടി സൂക്ഷിക്കാനാണ് തീരുമാനം. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഈ ദിവസങ്ങളില്‍ പോലീസിനൊപ്പം ആരോഗ്യവകുപ്പും കല്ലുവാതുക്കല്‍ പഞ്ചായത്തും നടത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. അടുത്ത കാലത്തെ ആശുപത്രി രേഖകളും പരിശോധിച്ചു. ആരോഗ്യവകുപ്പിന്റ കീഴിലുള്ള രേഖകളിലും ആരോഗ്യവകുപ്പിന്റ പരിശോധനകളിലും തെളിവുകള്‍ ഒന്നും തന്നെ കിട്ടാതെ വന്നപ്പോഴാണ് വിശദമായ അന്വേഷണത്തിന് പോലീസ് തയ്യാറെടുക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘമാണ് പ്രദേശവാസികള്‍ ഉള്‍പ്പെടെ നൂറോളം പേരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചത്. എന്നിട്ടും തെളിവുകള്‍ ഒന്നും കിട്ടാതെ വന്നതോടെയാണ് ഓരോ വീട്ടിലെയും അംഗങ്ങളുടെ സമ്പൂര്‍ണ വിവരശേഖരണവുമായി പോലീസ് മുന്നോട്ട് പോകുന്നത്.
പ്രദേശത്തെ വീടുകളില്‍ പരിശോധന തുടരുകയാണ്. വിദഗ്ധസംഘം കുട്ടിയെ കാണപ്പെട്ട സ്ഥലത്ത് രണ്ട് തവണ പരിശോധന നടത്തി കഴിഞ്ഞു. സംഭവത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: