ന്യൂദല്‍ഹി : രാജ്യത്തെ ഓണ്‍ലൈന്‍ വായ്പ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചതോടെ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ ആര്‍ബിഐ നടപടി. മലയാളികള്‍ അടക്കം നിരവധി പേരാണ് ഓണ്‍ലൈന്‍ വായ്പ്പാ കമ്പനിയുടെ ചതിക്കുഴിയില്‍ അകപ്പെട്ടത്. ഇതിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ആര്‍ബിഐ ഇടപെടലുകള്‍ ഉണ്ടായിരിക്കുന്നത്.
മൂവായിരം മുതല്‍ പതിനായിരം രൂപ വരെ വായ്പ നല്കി ഓരാഴ്ചയ്ക്കകം അഞ്ചും ആറും ഇരട്ടിയായി തിരിച്ച് വാങ്ങുകയാണ് ഇവര്‍ ചെയ്തുവരുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഫോണ്‍ വിളിച്ച് ഭീഷണിപ്പടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്യും.
തട്ടിപ്പുകള്‍ പെരുകിയതോടെ ഓണ്‍ലൈന്‍ വായ്പ്പാ കമ്പനികളുടെ ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനായി ആര്‍ബിഐ പ്രത്യേക ആറംഗ സമിതിയേയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജയന്ത് കുമാര്‍ ഡാഷ് അധ്യക്ഷതയിലാണ് ഈ സമിതി. ഇതില്‍ രണ്ട് പേര് പുറത്തുള്ളവരാണ്. ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാനാണ് ആര്‍ബിഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് വ്യജ ഓണ്‍ലൈന്‍ വായ്പ്പാ കമ്പനികള്‍ രാജ്യത്ത് സജീവമാകാന്‍ തുടങ്ങിയത്. വായ്പാ ഇടപാടുകള്‍ നടത്താന്‍ അനുമതി ലഭിച്ചിട്ടുള്ള കമ്പനികളുടെ മറവിലാണ് വ്യാജ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: