ബ്രിസ്ബേന്‍: സിഡ്നി ടെസ്റ്റില്‍ വിജയത്തെ വെല്ലുന്ന സമനില നേടിയ ഇന്ത്യ നാലാം ടെസ്റ്റിലും മിന്നുന്ന പ്രകടനത്തിനായി തയ്യാറെടുക്കകയാണ്. മൂന്ന് ദശാബ്ദങ്ങളായി ഓസീസ് തോല്‍വി അറിയാത്ത ഗാബയില്‍ നാളെയാണ് നിര്‍ണായകമായ നാലാം ടെസ്റ്റ്.
കളിക്കാരുടെ പരിക്ക് അലട്ടുന്നുണ്ടെങ്കിലും അവസാന ടെസ്റ്റില്‍ ഓസീസിനെ മെരുക്കി പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഗാബയില്‍ ഓസീസിനെ സമനിലയില്‍ പിടിച്ചു നിര്‍ത്തിയാല്‍ ഇന്ത്യക്ക് ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി നിലനിര്‍ത്താം.. കാരണം കഴിഞ്ഞ സീസണില്‍ ഇന്ത്യക്കായിരുന്നു പരമ്പര. അതേസമയം ഓസീസിന് പരമ്പര നേടാന്‍ ഗാബയില്‍ വിജയക്കൊടി നാട്ടണം. നാല് മത്സരങ്ങളുടെ പരമ്പര നിലവില്‍ സമനിലയാണ് (1-1).
മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ സ്പിന്നര്‍ അശ്വിന് കളിക്കുന്നില്ലെങ്കില്‍ ഇന്ത്യ നാലാം ടെസ്റ്റില്‍ നാലു പേസര്‍മാരെ കളിപ്പിച്ചേക്കും. അശ്വിന് പകരം തമിഴ്നാടിന്റെ പേസര്‍ ടി. നടരാജന് ടീമിലെത്തും. ജസ്പ്രീത് ബുംറ ഇല്ലാത്ത ഇന്ത്യ പേസ് നിരയുടെ ചുമതല മുഹമ്മദ് സിറാജിനായിരിക്കും. നവ്ദീപ് സെയ്നി, ടി. നടരാജന്, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ പേസ് നിരയില്‍ അണിനിരക്കും.
ഇന്ത്യന്‍ ടീം ഇന്നലെ ഗാബയില്‍ പരിശീലനം നടത്തി. ഉപനായകന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ ഗുഭ്മാന്‍ ഗില്‍, ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
ചൈനാമന്‍ ബൗളര്‍ കുല്‍ദീപ് യാദവ് നെറ്റ്സില്‍ പന്തെറിഞ്ഞു. ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്ക് മൂലം ടീമില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ കുല്‍ദീപ് യാദവിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്.
ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ തുടക്കം മുതല്‍ കളിക്കാരുടെ പരിക്ക് ഇന്ത്യയെ അലട്ടിയിരുന്നു. പര്യടനം തുടങ്ങുന്നതിന് മുമ്പ് സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും സേവനം നഷ്ടമായി. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ മുഹമ്മദ് ഷമിക്കും വിട്ടുനില്‍ക്കേണ്ടിവന്നു. പരിക്കേറ്റ ഉമേഷ് യാദവിന് അവസാന രണ്ട് ടെസ്റ്റും നഷ്ടമായി.
സിഡ്നി ടെസ്റ്റില്‍ ഇന്ത്യക്ക് സമനിലയൊരുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ഹനുമ വിഹാരിയും രവിചന്ദ്രന്‍ അശ്വിനും പരിക്കിന്റെ പിടിയിലാണ്. വിഹാരി നാലാം ടെസ്റ്റില്‍ കളിക്കില്ലെന്ന് ഉറപ്പായി. അശ്വിന്റെ കാര്യം പിന്നീട് തീരുമാനിക്കും. മൂന്നാം ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച ഋഷഭ് പന്ത്, ചേതേശ്വര്‍ പൂജാര , ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: