ന്യൂദല്‍ഹി : ആഗോള ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ല ഇന്ത്യന്‍ മണ്ണിലേക്കും. ഇന്ത്യയില്‍ ടെസ്ലയുടെ നിര്‍മാണ കമ്പനി ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. കര്‍ണാടകയിലാണ് ടെസ്ല ഗ്രൂപ്പ് വന്‍ നിക്ഷേപം നടത്താനായി ഒരുങ്ങുന്നത്. ബെംഗളൂരുവില്‍ കമ്പനിയുടെ രജിസ്ട്രേഷന് നടപടികളും പൂര്‍ത്തിയാക്കി ഓഫീസും തുറന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ, ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഒന്നര കോടി രൂപയുടെ മൂലധനത്തോടെയാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടെസ്ല ഇന്ത്യന്‍ മോട്ടോഴ്സ് ആന്‍ഡ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ഭാവിയില്‍ ഉത്പ്പാദനം നടത്താന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനു പിന്നാലെ നിര്‍മാണ യൂണിറ്റും ആരംഭിക്കും. ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ഇലോണ്‍ മസ്കിന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദ്ദ്യൂരപ്പ സ്വാഗതം ആശംസിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ടെസ്ല ഇന്ത്യയിലേക്ക് എത്തുന്നതിന്റെ സൂചനകള്‍ മസ്ക് നല്‍കിയിരുന്നുവെങ്കിലും ജനുവരി എട്ടിനാണ് കമ്പനി രജിസ്റ്റര്‍ ചെയ്തത്. വൈഭവ് തനേജ, വെങ്കട്ടരംഗം ശ്രീറാം, ഡേവിഡ് ജോണ്‍ എന്നിവരാണ് കമ്പനിയുടെ ഇന്ത്യയിലെ ഡയറക്ടര്‍മാര്‍.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി മാറുമെന്നാണ് മസ്കിന്റെ പ്രവചനം. എട്ട് ലക്ഷം കോടിയുടെ ലാഭമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവില്‍ ടെസ്ല മോഡല്‍ ത്രി മാത്രമാണ് രാജ്യത്തേക്ക് എത്തിക്കുന്നത്. ഇറക്കുമതിയില്‍ ഇളവ് പ്രതീക്ഷിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതോടെയാണ് ടെസ്ല ഇന്ത്യന്‍ നിക്ഷേപം നടത്താനായി ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: